വൻ പരിസ്ഥിതി നാശത്തിന് വഴിയൊരുക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി

Bay_Nicobar-aerial.jpg
Share

നിക്കോബാർ ദ്വീപുകളുടെ സമഗ്രവികസനം എന്ന് അറിയപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി (Holistic development of great Nicobar Island)യ്ക്ക് കഴിഞ്ഞ നവംബർ 22ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുകയുണ്ടായി. 92,000 കോടി ചെലവ് മതിക്കുന്ന ഈ പദ്ധതി മൂന്ന് പതിറ്റാണ്ടുകൾകൊണ്ട്, പാരിസ്ഥിതികമായി അത്രയധികം കളങ്കപ്പെട്ടിട്ടില്ലാത്ത നിക്കോബാർ ദ്വീപസമൂഹത്തെ സമൂലമായി മാറ്റിമറിച്ചുകൊണ്ട് അതിനെ ഒരു അന്താരാഷ്ട്ര ഷിപ്പിംഗ് ഹബ്ബും എയർപോർട്ടും ഒരു ടൗൺഷിപ്പും ആക്കിമാറ്റാൻ ലക്ഷ്യമിടുന്നു. പരിസ്ഥിതി സ്നേഹികൾ പറയുന്നത് ഈ പദ്ധതി ആ പ്രദേശത്തെ മഴക്കാടുകളെയും പവിഴപ്പുറ്റ് ശേഖരത്തെയും സുപ്രധാനമായ കടലാമ പ്രജനന സങ്കേതങ്ങളെയും എന്നന്നേക്കുമായി നശിപ്പിക്കുമെന്നാണ്. മാത്രവുമല്ല, വംശനാശ ഭീഷണി നേരിടുന്ന ആദിമനിവാസികളെയും ഈ പദ്ധതി ഇല്ലാതാക്കും. ഭൂകമ്പസാധ്യതയുള്ള, 2004ലെ സുനാമിയിൽ വലിയ നാശനഷ്ടങ്ങൾക്കിരയായ ഒരു പ്രദേശമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


ഈ വർഷം ഫെബ്രുവരി 16ന് ദേശീയ ഹരിത ട്രിബ്യൂണലും ഈ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. പദ്ധതിക്കെതിരെ ഉയർന്നുവന്ന എല്ലാ ആശങ്കകളെയും ആറംഗസമിതി തള്ളിക്കളഞ്ഞു. കേന്ദ്ര ഗവൺമെന്റ് സാമ്പത്തികമായും സൈനികമായും വളരെ തന്ത്രപ്രധാനമായ ഒരു പദ്ധതിയായാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിയെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ പരിസ്ഥിതിലോലപ്രദേശത്തുകൊണ്ടുവരുന്ന ഈ വൻപദ്ധതിയെ ചുറ്റിപ്പറ്റിയും അത് നടത്തിയെടുക്കാൻ ഗവൺമെന്റ് സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ പ്രക്രിയകളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്തെ ദ്വീപാണ് നിക്കോബാർ. 900 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപിലാണ് ഇന്ത്യയിൽ വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്ന അവസാനത്തെ മഴക്കാടുള്ളത്. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത പല ജീവവർഗ്ഗങ്ങളുമുള്ള, യുനെസ്കോയുടെ ജൈവവൈവിധ്യ കലവറകളുടെ (world network of biosphere reserves) അമൂല്യമായ ജൈവസമ്പത്താണ് ഈ കാടുകൾ.
മാത്രവുമല്ല, ഷോംപെൻ, നിക്കോബാറീസ് ആദിമനിവാസികളുടെ പരമ്പരാഗത മാതൃഭൂമിയാണ് ഈ കാടുകൾ. ആയിരക്കണക്കിന് വർഷങ്ങളായി ഈ ആദിമസമൂഹങ്ങൾ ഈ കാടിനെയും അതിനെ നിലനിർത്തുന്ന തീരദേശത്തെയും അനുബന്ധിച്ച് ജീവിച്ചുവരുന്നു.
ഇവിടെ കൊണ്ടുവരാൻ പോകുന്ന പദ്ധതികളുടെ വലിപ്പം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ ദ്വീപിലെ ജനസംഖ്യ, വരുന്ന 30 വർഷംകൊണ്ട് 8000ത്തിൽ നിന്നും മൂന്നര ലക്ഷമാക്കി വർദ്ധിപ്പിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്-നിലവിലുള്ളതിന്റെ 4000ശതമാനം വർദ്ധനവ്. അതിനുതകുന്ന വിധം ടൗൺഷിപ്പുകൾ, റിസോർട്ടുകൾ, അന്താരാഷ്ട്ര വിമാനത്താവളം, ഊർജ്ജ ഉല്പാദന പ്ലാന്റ് എന്നിവയും ബൃഹത്തായ ഒരു ഷിപ്മെന്റ് ടെർമിനലും കൊണ്ടുവരാനാണ് പദ്ധതി. ഇതിനുവേണ്ടി ഇതുവരെ തൊട്ടിട്ടില്ലാത്ത 130 ചതുരശ്ര കിലോമീറ്റർ വരുന്ന വനം പൂർണ്ണമായി നശിപ്പിക്കും. 10 ലക്ഷത്തോളം മരങ്ങൾ മുറിച്ചുമാറ്റുമെന്നാണ് കണക്കാക്കപ്പെടുന്നത്. മഴക്കാടുകൾ പല കഷണങ്ങളായി ഭാഗിക്കപ്പെടും. തീരദേശ ആവാസവസ്ഥ പൂർണമായും മാറ്റിമറിക്കും. ജലസ്രോതസ്സുകളും വന്യമൃഗമേഖലകളും ആദിവാസി ഊരുകളും ഇതിനിടയിൽ പെടും.
ഇതൊരു വലിയ വികസനപദ്ധതിയായാണ് ഗവൺമെന്റ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ പരിസ്ഥിതിസ്നേഹികളും ശാസ്ത്രജ്ഞരും സാമൂഹ്യപ്രവർത്തകരും പറയുന്നത് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ പരിസ്ഥിതിക്ക് ഇത്ര ദോഷം ചെയ്യുന്ന പദ്ധതികൾ ഉണ്ടായിട്ടില്ല എന്നാണ്.

വെറും മരങ്ങൾ മാത്രമല്ല കാട്

നിക്കോബാർ പദ്ധതി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മാത്രമല്ല; ഇത് നിയമവാഴ്ചയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വികസനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഒറീസയിലെ നിയാംഗിരിയിൽ മൈനിംഗ് കമ്പനിയായ വേദാന്തക്കെതിരെ എൻ.സി.സക്സേന കമ്മീഷൻ നടത്തിയ നിരീക്ഷണങ്ങൾ ഇവിടെയും പ്രസക്തമാണ്. വനവാസികൾ വനത്തിൽ നിന്നും വേറിട്ട് നിൽക്കുന്നവരല്ലെന്നും മറിച്ചു വനങ്ങളുടെ നിലനിൽപ്പിന്റെ അവിഭാജ്യ ഭാഗമാണെന്നും കമ്മിറ്റി നിരീക്ഷിക്കുകയുണ്ടായി. വനസംരക്ഷണ നിയമം ഈ ബന്ധത്തെ അംഗീകരിക്കുകയും വനത്തെയെന്നപോലെ അതിൽ വസിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹങ്ങളെക്കൂടെ നിയമത്തിന്റെ പരിരക്ഷയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. വനങ്ങൾ എന്നാൽ വെറും മരങ്ങളും അതിലെ വന്യമൃഗങ്ങളും മാത്രമല്ല. അവിടത്തെ ആദിമനിവാസികളും അവരുടെ സംസ്കാരവും ഉപജീവനമാർഗങ്ങളും പരമ്പരാഗത വിജ്ഞാനവുമെല്ലാം ആ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽത്തന്നെ വനമേഖലകളെ വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റുന്നതിനുമുൻപ് ഇത്തരം സമൂഹങ്ങളുമായി കൂടിയാലോചിക്കണമെന്ന് വനാവകാശ നിയമം നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ ഈ നിയമത്തിന്റെ ഉള്ളടക്കവും ഉദ്ദേശലക്ഷ്യങ്ങളും ഗ്രേറ്റ് നിക്കോബാർ പദ്ധതി ലംഘിക്കുന്നു. വനാവകാശ നിയമം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ തനത് ആദിമ നിവാസികളെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഭാഗങ്ങൾ, അവരുടെ സമ്മതം വാങ്ങാനുള്ള നിർദ്ദേശങ്ങൾ-എല്ലാംതന്നെ ഈ പദ്ധതി ലംഘിക്കുന്നുണ്ട്.
ഗ്രേറ്റ് നിക്കോബാർ പദ്ധതി ഒരൊറ്റപ്പെട്ട കേസ് അല്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളെ കാറ്റിൽപറത്തുന്ന പുതിയ വികസന കാഴ്ചപ്പാടിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കാനുള്ള നിയമങ്ങൾ വികസനത്തിന്റെ വഴിമുടക്കുന്നവയാണ് എന്നതാണ് ആ പുതിയ കാഴ്ചപ്പാട്.


രാജ്യമെമ്പാടും പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കുന്നതാണ് പുതിയ പ്രവണത. ഈയിടെ വനസംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് വനപ്രദേശങ്ങളെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ട പ്രക്രിയ ലഘൂകരിക്കാൻ വേണ്ടിയായിരുന്നു. ജൈവവൈവിധ്യം ഉറപ്പുവരുത്താനുള്ള സ്ഥാപനങ്ങളിൽ കൂടുതൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി പരമ്പരാഗതമായി വനങ്ങളിൽ താമസിച്ചു വന്ന ആദിവാസിവിഭാഗങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കി. വൻ വ്യവസായികൾക്ക് ഇത്തരം നിയന്ത്രണങ്ങളിൽ ഇളവുകൊടുത്തു. ഇതിന് ഉത്തമ ഉദാഹരണമാണ് ഹിമാലയത്തിൽ വലിയ തോതിൽ വനനശീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കിയ ചാർ ധാം പദ്ധതി. തരം മാറ്റിയ വനഭൂമി സ്വകാര്യവ്യക്തികൾക്ക് കൈമാറിയും സംരക്ഷിതമേഖലകൾക്കകത്തുകൂടെ വൻകിടപദ്ധതികൾ നടപ്പാക്കിയും പരിസ്ഥിതിതാല്പര്യങ്ങളെ വാണിജ്യതാല്പര്യങ്ങൾക്കുകീഴിൽ അടിയറവച്ചു.


ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കും പിന്തുടർന്ന പ്രക്രിയ വളരെ ദ്രുദഗതിയിലാണ് നടത്തിയെടുത്തത്. സെപ്റ്റംബർ 2020നാ ണ് നീതി ആയോഗ് ഈ പദ്ധതിക്ക് ആശയങ്ങൾ കാണിച്ചുകൊണ്ട് നോട്ടീസ് ഇറക്കിയത്. 2021ൽ തന്നെ സാധ്യതാപഠനം നടത്തി റിപ്പോർട്ടുവന്നു. അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനവും തൊട്ടുപിന്നാലെതന്നെ നടത്തി. ഗവേഷകരും സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദഗ്ദ്ധരും മറ്റു സാമൂഹ്യസംഘടനകളും പ്രവർത്തകരും പദ്ധതിയെക്കുറിച്ചും ജൈവവൈവിധ്യത്തിനും ആദിവാസി അവകാശങ്ങൾക്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർത്തി. എന്നാൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുംമുൻപ് ഇവയൊന്നും പരിഗണിച്ചതേയില്ല.
ശരിയായ പ്രക്രിയ പിന്തുടർന്നിട്ടില്ലാതിരുന്നിട്ടും നടപടിക്രമങ്ങളിൽ നിരവധി വീഴ്ചകളുണ്ടായിട്ടും ഒന്നാംഘട്ടം വനം വെട്ടി നിരത്തുന്നതിനുള്ള അനുമതിലഭിച്ചു. ഇതിലൊന്നും തന്നെ യാതൊരു സുതാര്യതയുമില്ലായിരുന്നു. ഒന്നാം ഘട്ടം അനുമതിയെന്ന് പറഞ്ഞാൽ 1980ലെ വനസംരക്ഷണ നിയമപ്രകാരം വനഭൂമിയെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റിയെടുക്കുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരമാണ്. അവസാനഘട്ട അനുമതി കൊടുക്കുന്നതിനുമുൻപ് പകരം വനവൽകരണവും നഷ്ടപരിഹാരവിതരണവും പൂർത്തിയാക്കണമെന്നാണ് ചട്ടം. ഈ അനുമതിക്കെതിരായ പരാതികൾ ദേശീയ ഹരിത ട്രിബ്യൂണലിൽ വന്നിരുന്നു. ഈ പദ്ധതിയുടെ സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിൽപ്പെട്ട വിഷയങ്ങളെ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൽ പദ്ധതിയുടെ നടത്തിപ്പിന് അനുമതി കിട്ടിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയിരുന്നു. അത്തരമൊരു പുനഃപരിശോധന കമ്മിറ്റി നിഷ്പക്ഷമായിരിക്കുമോ?
അതേസമയം അദാനി പോർട്ടും ജെഎസ്ഡബ്ല്യൂ ഇൻഫ്രാസ്ട്രക്ച്ചറും പോലുള്ള വൻകിട കമ്പനികൾ ഈ പദ്ധതിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ വനനശീകരണത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. നിക്കോബാർ ദ്വീപ് കുടികൊള്ളുന്ന സ്ഥലം വളരെ സജീവമായ ഭൂകമ്പസാധ്യത മേഖലയാണ്. ഈ ദ്വീപ് പ്രധാനപ്പെട്ട ഭൂപാളികളുടെ ( tectonic plates) വിള്ളലുകൾക്ക് സമീപമാണ്. 2004ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പവും സുനാമിയും ഈ മേഖലയെ കാര്യമായി ബാധിച്ചതാണ്. ദ്വീപിന്റെ പലഭാഗങ്ങളും ഉയർന്നുപൊങ്ങുകയോ ഇടിഞ്ഞുതാഴുകയോ ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്ത് ദ്വീപിന്റെ തീരം എന്നന്നേക്കുമായി മാറി.


ഈ ചരിത്രം അറിയാമെന്നിരിക്കെയാണ് ഇവിടെ ശതകോടികൾ മുടക്കി വലിയ പദ്ധതികൾ നടപ്പിലാക്കുകയും ടൗൺഷിപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്നത്. ഇത്തരം മേഖലകളിൽ ഭൂപ്രദേശമാകെ മാറ്റിമറിക്കുന്ന രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഭൂകമ്പമോ സുനാമിയോ ഉണ്ടാവുകയോ കടൽനിരപ്പ് ഉയരുകയോ ചെയ്താൽ അതിവിടത്തെ മനുഷ്യ ജീവിതത്തെതന്നെ അപകടത്തിലാക്കും.

ദേശീയ സുരക്ഷയ്ക്കെന്ന കഥ

ഈ പദ്ധതി തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് എന്നതാണ് ഗവൺമെന്റിന്റെ ഒരു വാദം. ചൈനയുടെ ചരക്കുനീക്കത്തിന്റെ വലിയൊരുപങ്കും തെക്ക് കിഴക്കൻ ഏഷ്യയിലെ മലാക്കൻ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നതത്രേ. ഇതിനടുത്തുള്ള ആൻഡമാൻ ദ്വീപുകളിൽ നമുക്ക് ഈ ചരക്ക് നീക്കത്തെ നിരീക്ഷിക്കാനും ആ പ്രദേശത്തെ കടലിൽ മേൽക്കോയ്മ സ്ഥാപിക്കാനും സാധിക്കുമെന്ന് ഇവർ വാദിക്കുന്നു. ഗ്രേറ്റ് നിക്കോബാർ പദ്ധതി വഴി ചൈനയുടെ ചരക്ക് നീക്കത്തെ ഞെരുക്കാനും അവർക്കുമേൽ സമ്മർദ്ദം വർധിപ്പിക്കാനും സാധിക്കുമത്രേ.
ആൻഡമാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിശോധിച്ചാലറിയാം ഇത് മലാക്കൻ കടലിടുക്കിൽനിന്ന് ഒരുപാട് അകലെയാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ അവിടെയിരുന്നുകൊണ്ട് നിയന്ത്രിക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്. മാത്രവുമല്ല കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ചൈന ചരക്ക് നീക്കത്തിനു മറ്റു വഴികൾ കണ്ടെത്തിയിട്ടുണ്ട്. അവർ മലാക്കൻ കടലിടുക്കിനെമാത്രം ആശ്രയിക്കാൻ നിർബന്ധിതരല്ല. അതുകൊണ്ടുതന്നെ ഗവൺമെന്റിന്റെ ഈ വാദം അതിശയോക്തി നിറഞ്ഞതും ഭൂമിശാസ്ത്രപരമായി തെറ്റുമാണ്.

ആർക്കുവേണ്ടിയുള്ള വികസനം ?

അങ്ങനെയാണെങ്കിൽ ഇത്രയും പാരിസ്ഥിതികനാശം വരുത്തിവെക്കുന്ന ഈ പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണ് ?
ഈ പദ്ധതിയിൽ ഒട്ടനവധി ടൂറിസത്തിനും കച്ചവടത്തിനുമുള്ള സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൻ വ്യവസായികളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഒരു പദ്ധതിയാണിത്. അതിന്റെ വില കൊടുക്കുന്നത് തദ്ദേശവാസികളും വരുംതലമുറയുമായിരിക്കുമെന്നുമാത്രം. ഈ തന്ത്രം നമുക്ക് അപരിചിതമല്ല. രാജ്യമെമ്പാടും കാടും മലകളും പുഴകളും ആദിവാസിമേഖലകളുമെല്ലാം ഇങ്ങനെ വികസനമെന്ന പേരിൽ വൻ പണക്കാർക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗുണംപറ്റുന്നത് ഒരുപിടിവരുന്ന വൻവ്യവസായികളാണ് – വില കൊടുക്കുന്നതോ തദ്ദേശത്ത് വസിക്കുന്നവർ, ഗ്രാമസമൂഹങ്ങൾ, പിന്നെ പ്രകൃതിയും.
ഈ സംവാദത്തിലടങ്ങിയിരിക്കുന്ന കാതലായ പ്രശ്നം ഇതാണ്- ആദിവാസി അവകാശങ്ങളും പ്രകൃതി സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് വികസനം എങ്ങനെ കൊണ്ടുവരാം എന്നതാണാ പ്രശ്നം. പരിസ്ഥിതി പ്രവർത്തകർ ആരും ദേശീയ സുരക്ഷാ പദ്ധതികൾക്കെതിരല്ലതന്നെ. എന്നാൽ അത്തരം പദ്ധതികൾ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കാത്ത വിധത്തിലാവണം. അവരുടെ ഏറ്റവും വലിയ വിമർശനം ഇവിടെ നടക്കാൻ പോകുന്ന ബൃഹത്തായ നഗരവൽക്കരണത്തിനും ടൂറിസം പദ്ധതികൾക്കും എതിരാണ്. മറ്റൊരു ദുബായിയോ ഹോങ്‌കോങ്ങോ ഇതുപോലൊരു ഭൂകമ്പ സാധ്യതാമേഖലയിൽ പടുത്തുയർത്താൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.
പലപ്പോഴും ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ പറ്റാതെവരുമ്പോഴാണ് ഗവൺമെന്റ് ദേശീയസുരക്ഷ എന്ന പല്ലവിയുമായിവരുന്നത്. അങ്ങനെയൊരു നിറം നൽകുന്നതോടെ ഉത്തരം നൽകേണ്ട ബാധ്യതയിൽനിന്ന് ഗവൺമെന്റ് തലയൂരുന്നു. അതിനുവേണ്ടിയാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി ആഭ്യന്തരമന്ത്രാലയത്തിനുകീഴിൽ കൊണ്ടുവന്നിരിക്കുന്നത്. വിമർശനങ്ങൾ തടയാനാണ് ഷിപ്പിംഗ് മന്ത്രാലയത്തിന് കൊടുക്കാതെ ആഭ്യന്തരമന്ത്രാലയത്തിന് കൊടുത്തിരിക്കുന്നത്. അതോടെ അവിടെ ചെന്നു നോക്കാൻപോലും ആർക്കും പറ്റില്ല എന്ന് വന്നിരിക്കുന്നു.

നിക്കോബാർ ദ്വീപുകൾ ഒരു നിർണായക പ്രതിസന്ധിയെ നേരിടുന്നു

നിക്കോബാർ ദ്വീപിലെ മഴക്കാടുകളും വന്യജീവികളും ആദിവാസി സമൂഹവും ആവാസവ്യവസ്ഥയും നമ്മുടെ നാടിന്റെയും ലോകത്തിന്റെ തന്നെയും അമൂല്യമായ സമ്പത്താണ്. അതിന്റെ തന്ത്രപരമായ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. പ്രകൃതിയെ നശിപ്പിക്കാത്ത വിധം ദേശീയസുരക്ഷയ്ക്ക് കരുത്തേകുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ ചെയ്യാവുന്നതാണ്.
എന്നാൽ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി ദേശീയസുരക്ഷയുടെ മറവിൽ നമ്മുടെ അവസാനത്തെ അവശേഷിക്കുന്ന വന്യഭൂമിയെ ബൃഹത്തായ ഒരു വ്യവസായ-വാണിജ്യ കേന്ദ്രമാക്കിമാറ്റാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. അതിനെതിരെ ഉയർന്നിട്ടുള്ള പാരിസ്ഥിതികവും സാമൂഹ്യവും ഭൂമിശാസ്ത്രപരവും നിയമപരവുമായ എല്ലാ ആശങ്കകളെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് പ്രകൃതിദ ത്തമായി വികസിച്ചുവന്ന ഈ ആവാസവ്യവസ്ഥ ഒരിക്കൽ നശിച്ചു കഴിഞ്ഞാൽ പിന്നീട് വീണ്ടെടുക്കാനാവില്ല എന്ന് നാമോർക്കണം.


വികസനമെന്നാൽ പ്രകൃതിയെ നശിപ്പിക്കുക എന്നർത്ഥമില്ല. ദേശീയസുരക്ഷയ്ക്കുവേണ്ടി പാരിസ്ഥിതികദുരന്തം വിളിച്ചുവരുത്തേണ്ട കാര്യമില്ല. സാമ്പത്തിക വികാസം ആദിവാസികളുടെയും പരിസ്ഥിതിയുടെയും ചെലവിലാകരുത്. വികസനം, ശാസ്ത്രത്തിന്റെയും പാരിസ്ഥിതികമായ പരിഗണനകളുടെയും വെളിച്ചത്തിൽ ജനാധിപത്യപരമായ പങ്കാളിത്തത്തോടെ ഭാവി തലമുറയോടുള്ള കരുതലോടെ ആസൂത്രണം ചെയ്യേണ്ടതാണ്. ക്ഷണികമായ സാമ്പത്തികലാഭത്തിന്റെയോ അതിശയോക്തിപരമായ ഭൗമരാഷ്ട്രീയ അവകാശങ്ങളുടെയോ അടിസ്ഥാനത്തിലാവരുത് ഒരു നാട്ടിലെ വികസനം. ഈ തത്വങ്ങൾ നാം മറന്നുപോയാൽ ദേശീയ വികസനത്തിന്റെ മകുടോദാഹരണമായിട്ടല്ല, മറിച്ച് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പാരിസ്ഥിതികവും സാമൂഹ്യവുമായിട്ടുള്ള അബദ്ധമായാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി വരും കാലങ്ങളിൽ വിശേഷിപ്പിക്കപ്പെടുക.
ലോകസാമ്രാജ്യത്വവും മുതലാളിത്തവും ഇന്ന് കൈക്കൊള്ളുന്ന നടപടികളുടെ അടിസ്ഥാനത്തിൽ വേണം നാം ഈ പദ്ധതിയെ വിശകലനം ചെയ്യേണ്ടത്. ഇന്നത്തെ മുതലാളിത്തത്തിന്റെ സവിശേഷതകളാണ് ചങ്ങാത്ത മുതലാളിത്തവും ദുരന്തമുതലെടുപ്പ് മുതലാളിത്തവും. ആദ്യത്തേത് ഗവൺമെന്റും മുതലാളിമാരും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് എല്ലാത്തരം പ്രതിസന്ധികളെയും ദുരന്തങ്ങളെയും സംഘർഷങ്ങളെയും ലാഭമുണ്ടാക്കാനുള്ള അവസരങ്ങളാക്കിമാറ്റുന്നു. ലോകമെമ്പാടും യുദ്ധം തുടർന്നുകൊണ്ടിരിക്കുന്നു, വൻ നഗരങ്ങൾ തകർന്നു തരിപ്പണമാകുന്നു, ആയിരക്കണക്കിന് പതിനായിരക്കണക്കിന് സാധാരണ മനുഷ്യർ കൊല്ലപ്പെടുന്നു, ലക്ഷക്കണക്കിന് പേർ അഭയാർത്ഥികളായി മാറിക്കൊണ്ടിരിക്കുന്നു. ഗസയിൽ നാം ചിട്ടയായ വംശീയ ഉന്മൂലനത്തിനാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും അന്താരാഷ്ട്ര സമൂഹം നിഷ്ക്രിയമാണ്.
ആയുധ ഉല്പാദകരും നിർമ്മാണമേഖലയിലെ ഭീമന്മാരും സാമ്പത്തിക സ്ഥാപനങ്ങളും ഈ സംഘർഷങ്ങളിൽനിന്നും നാശനഷ്ടങ്ങളിൽനിന്നും തുടർന്നുണ്ടാവുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽനിന്നും വൻലാഭം കൊയ്തുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയ്ക്കുകാരണം ഇതാണ്. ഇങ്ങനെ അറപ്പില്ലാത്ത കോർപ്പറേറ്റ് കുത്തകകൾക്ക് മുൻപിൽ പവിഴപ്പുറ്റുകളും മഴക്കാടുകളും ആദിവാസികളുമെല്ലാം അവരുടെ ലാഭസാധ്യതയ്ക്ക് തടസ്സം നിൽക്കുന്ന വസ്തുക്കൾ മാത്രമാണ്. അവരുണ്ടാക്കാൻ പോകുന്ന ശതകോടികളുടെ ലാഭത്തിനുമുൻപിൽ നിക്കോബാർ ദ്വീപുകളിലെ ആവാസവ്യവസ്ഥയും അവിടത്തെ ആദിമനിവാസികളും അവഗണിക്കാവുന്ന പാർശ്വഫലങ്ങൾ മാത്രം. നിക്കോബാർ ദ്വീപുകളുടേത് ഒറ്റപ്പെട്ട ദുരന്തമല്ല എന്ന് ചുരുക്കം-പൊതു നയങ്ങളുടെ ആത്യന്തികലക്ഷ്യം ഏതാനും കുത്തകകളുടെ സാമ്പത്തിക ലാഭം മാത്രമായി ചുരുങ്ങിയിരിക്കുന്ന ഒരു വ്യവസ്ഥയുടെ ലക്ഷണങ്ങൾ മാത്രമാണിത്.
എന്നാൽ ലോകമെമ്പാടുമുള്ള ജനകീയപ്രക്ഷോഭങ്ങളുടെ അനുഭവപാഠം നമുക്ക് മുൻപിലുണ്ട്. ലോകത്തെല്ലായിടത്തും ഗവൺമെന്റുകൾ പ്രകൃതിയെ സംരക്ഷിക്കാനും മനുഷ്യർക്ക് സാന്ത്വനമേകാനും എന്തെങ്കിലും നടപടികൾ എടുത്തിട്ടുണ്ടെങ്കിൽ അതെല്ലാം ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദം മൂലമാണ്. അതിനാൽതന്നെ നമ്മളെല്ലാവരും, പ്രകൃതിയെ സ്നേഹിക്കുന്നവർ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള മനുഷ്യർ നിശബ്ദരായിരിക്കാൻ പാടില്ല. നിക്കോബാർ ദ്വീപിൽ ഒരുങ്ങുന്ന പാരിസ്ഥിതികദുരന്തത്തിന് കാഴ്ചക്കാരായി മാത്രം നമ്മളാരും മാറരുത്. മനുഷ്യൻ പ്രകൃതിക്കു മേൽ അടിച്ചേൽപ്പിക്കുന്ന മഹാദുരന്തം തടയാൻ എല്ലാവരും ഒറ്റക്കെട്ടായി ചേർന്നുനിൽക്കണം; ശബ്ദം ഉയർത്തണം. തങ്ങളാലാവുന്നതെല്ലാം ചെയ്യണം. ചുറ്റും നോക്കിയാൽ കാണാം നിക്കോബാറിന്റേത് ഒരു ഒറ്റപ്പെട്ട ദുരന്തമല്ല, മറിച്ച് വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന അപകടകരമായ ഒരു പ്രവണതയാണ്. അതിനു തടയിടാൻ സമയം അതിക്രമിച്ചിരിക്കുന്നു.

Share this post

scroll to top