ഓരോ വർഷവും തണുപ്പുകാലം അടുക്കുമ്പോൾ ഡൽഹിയിലും സമീപപ്രദേശങ്ങളിലും സ്ഥിരമായൊരു പ്രഹസനം അരങ്ങേറാറുണ്ട്. കൊടുംതണുപ്പിൽ നാടാകെ കട്ടിപ്പുക മൂടുമ്പോൾ, ഭരണകൂടം ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ കുറെ നടപടികളുമായി രംഗത്തിറങ്ങും: ഡീസൽ വണ്ടികൾ തടയുക, നിർമ്മാണ ജോലികൾ നിർത്തിവെക്കുക, ഒറ്റ-ഇരട്ട നമ്പർ വാഹന നിയന്ത്രണം കൊണ്ടുവരിക, സ്കൂളുകൾ ഓൺലൈനാക്കുക തുടങ്ങി കുറെ നിയന്ത്രണങ്ങൾ. ഈ ഒച്ചപ്പാടൊക്കെ കാണുമ്പോൾ സർക്കാർ പ്രശ്നം പരിഹരിക്കാൻ എന്തൊക്കെയോ കാര്യമായി ചെയ്യുന്നുണ്ടെന്ന് ജനങ്ങൾക്ക് തോന്നും. വായുമലിനീകരണത്തിന്റെ മുഴുവൻ പഴിയും കർഷകർ വൈക്കോൽ കത്തിക്കുന്നതിലും വാഹനങ്ങളുടെ പുകയിലും മാത്രം ചാരിവെക്കും. എന്നാൽ, നഗരത്തിന് തൊട്ടപ്പുറത്ത് വർഷം മുഴുവൻ ഒരു നിയന്ത്രണവുമില്ലാതെ വായു മലിനമാക്കിക്കൊണ്ടിരിക്കുന്ന തെർമൽ പവർ പ്ലാന്റുകൾ ഉള്പ്പെടെയുള്ള വൻകിട ഉറവിടങ്ങളെ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്.
‘സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആന്റ് ക്ലീൻ എയർ’ (CREA) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന കൽക്കരി താപവൈദ്യുതിനിലയങ്ങളാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഷവായു സ്രോതസ്സ്.
പവർ പ്ലാന്റുകളിലെ പുകക്കുഴലുകൾ കണ്ടില്ലെന്ന് നടിച്ച്, വാഹനങ്ങളുടെ സൈലൻസറുകൾക്ക് പിന്നാലെ മാത്രം ഭരണകൂടം പായുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ അന്തരീക്ഷത്തിന്റെ ശാസ്ത്രം അറിയണം. കൽക്കരിയിലും എണ്ണയിലും സ്വാഭാവികമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇവ കത്തുമ്പോൾ സൾഫർ ഡയോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകുന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് ഈ വിഷവാതകം നേരെ പുകക്കുഴലിലൂടെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുകയാണ്.
സൾഫർ ഡയോക്സൈഡ് അന്തരീക്ഷത്തിൽ അധികനേരം വാതകമായി നിൽക്കില്ല. സൂര്യപ്രകാശവുമായും മറ്റ് വാതകങ്ങളുമായും ചേർന്ന് ഇത് ‘സൾഫേറ്റ് കണിക’കളായി മാറും; അതായത് അതീവ അപകടകാരിയായ PM 2.5 കണിക ആയി രൂപാന്തരപ്പെടുന്നു. അന്തരീക്ഷ ശാസ്ത്രജ്ഞർ ഇതിനെ ‘ദ്വിതീയ മലിനീകരണം’ എന്നുവിളിക്കുന്നു. വാഹനങ്ങളിൽനിന്നോ പൊടിയിൽനിന്നോ നേരിട്ടുവരുന്ന പ്രാഥമിക PM 2.5 പോലെയല്ലിത്, അന്തരീക്ഷത്തിൽ വെച്ചാണ് ഇത് രൂപപ്പെടുന്നത്. ഡൽഹിയിലെ പവർ പ്ലാന്റുകളിൽ നിന്നുള്ള കണികാ മലിനീകരണത്തിൽ 96 ശതമാനത്തിലധികവും ഈ സൾഫർ ഡയോക്സൈഡ് മൂലം അന്തരീക്ഷത്തിൽ വെച്ചുണ്ടാകുന്ന ഇത്തരം മലിനീകരണമാണ്. വാതകം കണികകളായി മാറാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുന്നതിനാൽ, കാറ്റിലൂടെ നൂറുകണക്കിന് കിലോമീറ്റർ ഇവ സഞ്ചരിക്കും. പഞ്ചാബിലോ ഹരിയാനയിലോ ഉള്ള ഒരു പവർ പ്ലാന്റിലെ വിഷപ്പുക നേരെ വന്നെത്തുന്നത് ഡൽഹിയിലെ സാധാരണക്കാരന്റെ ശ്വാസകോശത്തിലേക്കാണ്. റോഡിലെ പൊടിയും വാഹന പുകയും മാത്രം ലക്ഷ്യമിട്ട് വായുനിലവാരം അളക്കുന്ന ഭരണാധികാരികൾ യഥാർത്ഥ രോഗം മാറ്റാതെ ലക്ഷണങ്ങൾക്ക് മാത്രം ചികിത്സ നൽകുകയാണ്; വൻകിട പവർ പ്ലാന്റുകൾ നിർബാധം വായുവിൽ വിഷം കലർത്തുന്നത് പൂർണ്ണമായും കണ്ടില്ലെന്ന് നടിക്കുന്നു.
നിയമത്തിലെ പഴുതുകളും ഒത്തുകളിയും
ഈ പ്ലാന്റുകളെ നിലയ്ക്കുനിർത്തുന്നതിനുപകരം, ഇവ പുറന്തള്ളുന്ന സൾഫർ ഡയോക്സൈഡിന്റെ (SO2) 81 ശതമാനത്തിനും സർക്കാർ നിയമപരമായിത്തന്നെ ഇളവ് നൽകിയിരിക്കുകയാണ് എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ഒരു പതിറ്റാണ്ടുകാലത്തെ ഒത്തുകളിയുടെയും കോർപ്പറേറ്റ് പ്രീണനത്തിന്റെയും ഫലമാണിത്. 2015 ഡിസംബറിൽ പരിസ്ഥിതി മന്ത്രാലയം എല്ലാ കൽക്കരി പ്ലാന്റുകളിലും വിഷപ്പുക തടയാൻ ‘എഫ്ജിഡി’(FGD) മെഷീനുകൾ വെക്കണമെന്ന് ഉത്തരവിട്ടിരുന്നു. കൽക്കരി കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ അടങ്ങിയിരിക്കുന്ന മാരക വിഷവാതകമായ സൾഫർ ഡയോക്സൈഡിനെ (SO2) അന്തരീക്ഷത്തിലേക്ക് വിടാതെ വലിച്ചെടുത്ത് നിർവീര്യമാക്കുകയാണ് ഈ മെഷീൻ ചെയ്യുന്നത്. എന്നാൽ വൻകിട കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ ഈ സമയപരിധി നാലുതവണയാണ് നീട്ടിക്കൊടുത്തത്.
ഒടുവിൽ 2025 ജൂലൈയിലെ വിജ്ഞാപനത്തിലൂടെ ശുദ്ധവായുവിനായുള്ള ജനങ്ങളുടെ പോരാട്ടത്തിന് സർക്കാർ അന്ത്യംകുറിച്ചു. രാജ്യത്തെ പവർ പ്ലാന്റുകളെ അവർ മൂന്നായി തിരിച്ചു:
കാറ്റഗറി എ: ഡൽഹിക്കും വൻ നഗരങ്ങൾക്കും 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്ലാന്റുകൾ. ഇവിടെ മെഷീൻ വെക്കാനുള്ള കാലാവധി 2027 ഡിസംബർ വരെ നീട്ടിനൽകി. കാറ്റഗറി
ബി: അതീവ മലിനീകരണമുള്ള പ്രദേശങ്ങളിലെ പ്ലാന്റുകൾ. ഇവിടെ സാഹചര്യം നോക്കി തീരുമാനമെടുക്കും. കാറ്റഗറി സി: ‘മറ്റ് പ്രദേശങ്ങളിലെ’ പ്ലാന്റുകൾ. രാജ്യത്തെ 78% കൽക്കരി പ്ലാന്റുകളും ഇതിലാണ് വരുന്നത്. പുതിയ നിയമപ്രകാരം ഇവർക്ക് മലിനീകരണ നിയന്ത്രണ മെഷീനുകൾ വെക്കേണ്ടതില്ലെന്ന പൂർണ്ണ ഇളവ് സർക്കാർ നൽകി!
വിഷപ്പുകയ്ക്ക് സംസ്ഥാനങ്ങളുടെ അതിർത്തി നോക്കി സഞ്ചരിക്കാൻ കഴിയില്ലെന്ന പ്രാഥമിക ബോധംപോലും ഈ നിയമമുണ്ടാക്കിയവർക്കില്ലാതെ പോയി. ഡൽഹിയിലേക്ക് കാറ്റടിക്കുന്ന 100 മുതൽ 250 കിലോമീറ്റർ വരെയുള്ള ദൂരത്തിലുള്ള വൻകിട പ്ലാന്റുകളെയെല്ലാം ‘കാറ്റഗറി സി’യിലാക്കി ഒഴിവാക്കിക്കൊടുത്തു. സിആര്ഇഎ(CREA) നടത്തിയ പഠനപ്രകാരം, ഡൽഹിയിലെ വൈദ്യുതി മേഖല തള്ളുന്ന സൾഫർ ഡയോക്സൈഡിന്റെ 81 ശതമാനവും വരുന്നത് ഇത്തരത്തിൽ ഇളവുകിട്ടിയ പ്ലാന്റുകളിൽ നിന്നാണ്. പുതിയ നയത്തോടെ ഇവർക്ക് ഇനിമേൽ ഒരു മലിനീകരണ നിയന്ത്രണ സംവിധാനവും സ്ഥാപിക്കേണ്ടി വരില്ല.
ഡൽഹിക്ക് ചുറ്റുമുള്ള താപവൈദ്യുതി നിലയങ്ങൾ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുമ്പോൾ, കർഷകർ വൈക്കോൽ കത്തിക്കുന്നത് വെറും 20-30 ദിവസം മാത്രമാണ്. വൈക്കോൽ കത്തിക്കുന്നതിനേക്കാൾ 240 ഇരട്ടി വിഷപ്പുകയും 10 ഇരട്ടിയിലധികം സൂക്ഷ്മകണികകളും (PM) പവർ പ്ലാന്റുകൾ വർഷം തോറും പുറന്തള്ളുന്നുണ്ട്. ഇവിടുത്തെ പ്രാദേശിക മലിനീകരണത്തിന്റെ 90 ശതമാനവും വരുന്നത് ഇത്തരം മെഷീനുകളില്ലാത്ത പ്ലാന്റുകളിൽ നിന്നാണ്. എന്നിട്ടും കർഷകരെ മാത്രം വില്ലന്മാരാക്കി ചിത്രീകരിക്കുന്നത് വ്യവസായ ലോബികളുടെ കൊടുംവിഷം മൂടിവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്.
പഞ്ചാബിലെ രാജ്പുര പ്ലാന്റുപോലുള്ള ഒരൊറ്റ കൽക്കരി നിലയം മാത്രം പ്രതിവർഷം 20,000 ടണ്ണിലധികം സൾഫർ ഡയോക്സൈഡാണ് വായുവിൽ തള്ളുന്നത്. ഇത് ലക്ഷക്കണക്കിന് സാധാരണ വാഹനങ്ങൾ ഒന്നിച്ചുണ്ടാക്കുന്ന പുകയ്ക്ക് തുല്യമാണ്. പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ കള്ളക്കളികൾ വ്യക്തമാകും. ഈ പ്ലാന്റുകളിൽ മലിനീകരണ നിയന്ത്രണ സംവിധാനം കൊണ്ടുവരണമെങ്കിൽ ഓരോ യൂണിറ്റിനും കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരും. ഒരു മെഗാവാട്ടിന് 40 മുതൽ 80 ലക്ഷം രൂപ വരെയാണ് ചെലവ്. 2025ലെ ഇളവുകൾക്ക് മുമ്പുള്ള കണക്കുപ്രകാരം പ്ലാന്റുകളിൽ ഇത് സ്ഥാപിക്കാൻ ഏകദേശം 87,000 കോടി മുതൽ 1,16,000 കോടി രൂപ വരെ വേണ്ടിയിരുന്നു. 78% വരുന്ന പ്ലാന്റുകൾക്ക് ഇളവ് നൽകിയതിലൂടെ, സാധാരണ മനുഷ്യരുടെ ജീവനും ശ്വാസകോശവും പണയംവെച്ച് വൈദ്യുതി കുത്തകകൾക്ക് സർക്കാർ ലാഭമാക്കി കൊടുത്തത് ഈ വൻതുകയാണ്!
കൺകെട്ടുവിദ്യകൾക്കപ്പുറമുള്ള യാഥാർത്ഥ്യം
മനുഷ്യനിർമ്മിതമായ ഈ കൊടുംദുരിതത്തിൽനിന്ന് ഡൽഹിയുടെ അന്തരീക്ഷത്തെ മോചിപ്പിക്കാൻ ആത്മാർത്ഥതയുണ്ടെങ്കിൽ, സർക്കാർ ഈ കാപട്യങ്ങൾ അവസാനിപ്പിച്ച് വ്യവസായങ്ങളെ നിലയ്ക്കുനിർത്തുന്ന ശക്തമായ നയങ്ങളിലേക്ക് മാറണം. പവർപ്ലാന്റുകളിലെ പുകക്കുഴലുകളിൽ നിന്നുള്ള മലിനീകരണത്തിന്റെ തത്സമയ വിവരങ്ങൾ (Real-time data) ജനങ്ങൾക്കും ഗവേഷകർക്കും പരിശോധിക്കാൻ കഴിയുന്ന വിധം സുതാര്യമാക്കണം; എങ്കിൽ മാത്രമേ കണക്കുകളിൽ കൃത്രിമം കാണിക്കുന്നതും മെഷീനുകൾ ഓഫ് ചെയ്തിട്ട് പുക പുറത്തുവിടുന്നതും തടയാൻ കഴിയൂ.
മുനിസിപ്പാലിറ്റി തലത്തിൽ വണ്ടികൾ തടഞ്ഞിടുന്നതിന് പകരം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവയെ ഒരുമിപ്പിച്ച് ഒറ്റ ‘എയർഷെഡ് മേഖല’യായി (Airshed Management) കണ്ടുകൊണ്ട് സംയുക്ത നിയന്ത്രണ സംവിധാനം കൊണ്ടുവരണം. സാധാരണ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ തലസ്ഥാനത്തെ വളഞ്ഞുനിൽക്കുന്ന ഈ വൻകിട പവർ പ്ലാന്റുകൾക്കും ബാധകമാക്കാത്തിടത്തോളം കാലം, ഡൽഹിയിലെ തണുപ്പുകാല ശുചീകരണമൊക്കെ വെറും പബ്ലിക് റിലേഷൻസ് (PR) തട്ടിപ്പ് മാത്രമായി തുടരും.
സാധാരണക്കാരന്റെ ചോരയൂറ്റുന്ന ഭരണകൂടം
വൈദ്യുതി ചാർജ് കൂടാതിരിക്കാനാണ് പ്ലാന്റുകൾക്ക് ഇളവ് നൽകിയതെന്നാണ് അധികാരികളുടെയും കമ്പനികളുടെയും ന്യായീകരണം! എന്തൊരു വിരോധാഭാസമാണിത്! സാധാരണക്കാരന് താങ്ങാനാകാത്ത ആശുപത്രി ചെലവുകളും നിത്യരോഗികളായി പണിയില്ലാതെയാകുമ്പോഴുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും പരിഗണിക്കുമ്പോൾ കറന്റ് ചാർജിന്റെ പേരിലുള്ള ഈ ന്യായം ശുദ്ധ അസംബന്ധമാണ്. വൻകിട കമ്പനികളോട് മലിനീകരണ നിയന്ത്രണ മെഷീനുകൾ വെക്കാൻ ആവശ്യപ്പെടുന്നതിനുപകരം, അതിന്റെ ചെലവ് മുഴുവൻ പാവപ്പെട്ട ജനങ്ങളുടെ ശ്വാസകോശത്തിലേക്കും തകരുന്ന പൊതുജനാരോഗ്യ സംവിധാനത്തിലേക്കും വെച്ചുകെട്ടുകയാണ് ഭരണകൂടം. കോർപ്പറേറ്റുകൾ ലാഭിക്കുന്ന ആ പണത്തിന് പകരം വെക്കുന്നത് സാധാരണക്കാരുടെ ജീവനും അവരുടെ ചോരനീരാക്കി ഉണ്ടാക്കുന്ന ചികിത്സാച്ചെലവുകളുമാണ്.
വ്യാവസായിക ഭീമന്മാർക്ക് വിഷവാതകം തുറന്നുവിടാൻ നിയമപരമായി ലൈസൻസ് നൽകുന്നത് കൊടുംകുറ്റകൃത്യമാണ്. കോർപ്പറേറ്റുകളുടെ ലാഭം കൂട്ടാൻ ജനങ്ങളുടെ ആരോഗ്യം വെച്ചുപന്താടുന്ന ഇത്തരം ഇളവുകൾക്ക് കൂട്ടുനിൽക്കുന്ന സര്ക്കാരുകള് ജനദ്രോഹത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ്.
വ്യവസ്ഥിതിയുടെ ഉത്തരവാദിത്തം
ശുദ്ധവായു എന്നത് ആഡംബരമല്ല, യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത അടിസ്ഥാന മനുഷ്യാവകാശവും യഥാർത്ഥ വികസനത്തിന്റെ അടിത്തറയുമാണ്. വ്യാവസായിക വളർച്ചയുടെ പേരിൽ അത് നീട്ടിവെക്കാൻ ആർക്കും അവകാശമില്ല. വൻകിട കമ്പനികൾ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അവര്ക്കുതന്നെയാണ്. മെഷീനുകൾ നിർബന്ധമാക്കാനും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനും സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ വ്യവസായങ്ങളുടെ വളർച്ചയ്ക്കുള്ള വില സാധാരണക്കാർ ശ്വാസകോശരോഗങ്ങളായും ഹൃദയാഘാതങ്ങളായും പക്ഷാഘാതങ്ങളായും ലക്ഷക്കണക്കിന് അകാലമരണങ്ങളായും സ്വന്തം ജീവൻ കൊടുത്ത് ഒടുക്കേണ്ടി വരും.
ജനങ്ങളുടെ ജീവൻ വെച്ചുകളിക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ പോരാളികളും എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
