അഴിമതിയും സ്വജനപക്ഷപാതവും പിഎസ്‌സിയെ തകർക്കുന്നു

AIDYO.jpg
Share

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (പിഎസ്‌സി) എന്ന ഭരണഘടനാസ്ഥാപനം ആരംഭിച്ചത് 1956ലാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ തികച്ചും സുതാര്യമായ മാർഗ്ഗത്തിലൂടെ  സ്ഥിരംജോലി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്‌സി സ്ഥാപിക്കപ്പെട്ടത്. താരതമ്യേന വിശ്വസനീയമായ നിലയിൽ പരീക്ഷകളും നിയമനങ്ങളും നടത്തിവന്ന പിഎസ്‌സിയിൽനിന്നും കുറച്ചുവർഷങ്ങളായി കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.


ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്ക് നടന്ന പരീക്ഷയിൽ വലിയ ക്രമക്കേട് നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നത്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ഇടതു സർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകനായ അരുൺ ജെ.പ്രതാപിനെ ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രകച്ചർ ചീഫായി നിയമിച്ചു. അഭിമുഖം നടത്തിയത്, സിപിഐ(എം) നോമിനിയായി നിയമിക്കപ്പെട്ട പിഎസ്‌സി ചെയർമാനായ  ഡോ.എം.ആർ.ബൈജുവും. മൂല്യനിർണ്ണ യത്തിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാംകൃഷ്‌ണൻ ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപച്ചതോടെയാണ് വലിയ അഴിമതി വെളിച്ചത്താവുന്നത്. ആകെയുള്ള 28 ചോദ്യങ്ങളിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടു. ഉദ്യോഗാർത്ഥികൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ പിഎസ്‌സി സാങ്കേതിക പിഴവ് സംഭവിച്ചു എന്ന വിശദീകരണമാണ് നൽകിയത്. തങ്ങളുടെ ഇഷ്‌ടക്കാർക്ക് അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകിയാണ് പിഎസ്‌സി പിൻവാതിൽ നിയമനം നടത്തിയത്. 2019 ൽ നടന്ന പ്ലാനിംഗ് ബോർഡ് ചീഫിന്റെ (സോഷ്യൽ സർവ്വീസ് ) എഴുത്ത് പരീക്ഷയിൽ 91.25 മാർക്ക് ലഭിച്ച സൗമ്യ എന്ന ഉദ്യോഗാർത്ഥിക്ക്, അഭിമുഖത്തിൽ 40ൽ 11 മാർക്കുമാത്രമാണ് കൊടുത്തത്. എന്നാൽ, എഴുത്തു പരീക്ഷയിൽ മാർക്ക് കുറഞ്ഞ ഇടതുപക്ഷ അനുകൂലികളും പ്ലാനിംഗ് ബോർഡിലെ ഉദ്യോഗസ്ഥരുമായ 3 ഉദ്യോഗാർത്ഥികൾക്ക് 40ൽ 36 മാർക്ക് നൽകി ജോലി കൊടുക്കുകയുണ്ടായി. ഈ ക്രമക്കേടുകൾ പുറത്തു വന്നതിനെതുടർന്ന്, മറ്റ് നിരവധി പരീക്ഷകളിലെ അഴിമതികളും ഉദ്യോഗാർത്ഥികൾ ഉയർത്തിയിരിക്കുകയാണ്.

‘ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പി’ൽ റിസർച്ച് ഓഫീസർ തസ്തികയുടെ പരീക്ഷ ഒഎംആർ മാതൃകയിലാണ്. നൂറുചോദ്യങ്ങൾക്കുള്ള ഉത്തരം ഒഎംആർ ഷീറ്റിൽ രേഖപ്പെടുത്തണം. നാലുവീതം ഓപ്ഷനുകളിൽ ശരിയുത്തരത്തിന്റെ കുമിളകളാണ് കറുപ്പിക്കേണ്ടത്. 53 ചോദ്യങ്ങളുടെയും ഉത്തരം ബി എന്ന ഓപ്ഷനാണ്. ഇവ കറുപ്പിച്ചാൽ പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടാമായിരുന്നു. ചോദ്യം വായിക്കുകയോ ഉത്തരം അന്വേഷിക്കുകയോ വേണ്ട. അതും ബിരുദാനന്തരബിരുദ യോഗ്യത ആവശ്യമുള്ള ഉയർന്ന തസ്തികയാണ്.

ഈ പരീക്ഷയുടെ സിലബസ് തയ്യാറാക്കിയതിലും വലിയ ക്രമക്കേടുണ്ടായതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പരീക്ഷയുടെ തീയതി നിശ്ചയിച്ചപ്പോൾ നൽകിയ സിലബസല്ല, പരീക്ഷ നടത്താനുപയോഗിച്ചത്. ഇടയ്ക്കുവെച്ച് സിലബസ് മാറ്റിയത് ഉദ്യോഗാർഥികളെ അറിയിക്കാൻ പിഎസ്‌സി തയ്യാറായില്ല. ആദ്യം പഠിച്ച സിലബസുമായി പരീക്ഷയെഴുതാനെത്തിയവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് പുറത്തിറങ്ങിയത്. ഇതിനിടെ പിഎസ്‌സിക്കും ഭരണ പാർട്ടിക്കും വേണ്ടപ്പെട്ടവരൊക്കെ സിലബസ് മാറ്റം മനസ്സിലാക്കി തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. അതിന്റെ റാങ്ക്‌പട്ടിക ഇനി പ്രസിദ്ധീകരിക്കാ നിരിക്കുന്നതേയുള്ളൂ. ഈ പരീക്ഷ റദ്ദാക്കി എല്ലാവർക്കും തുല്യ അവസരം ലഭിക്കുന്നവിധം സിലബസ് പ്രസിദ്ധീകരിച്ച് പുനഃപരീക്ഷ നടത്തണമെന്ന ഉദ്യോഗാർഥികളടെ ആവശ്യം തികച്ചും ന്യായമാണ്.
പരീക്ഷാക്രമക്കേടുകളെ തുടർന്ന് പിഎസ്‌സി യോഗംകൂടി ആഭ്യന്തര വിജിലൻസിനെകൊണ്ട് അന്വേഷിക്കുവാൻ തീരുമാനമെടുത്തെങ്കിലും ചെയർമാൻ തികച്ചും ഏകപക്ഷീയമായി അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറുകയുണ്ടായി. അങ്ങനെ തികച്ചും നിയമവിരുദ്ധമായ നിലയിൽ പ്രവർത്തിക്കുന്ന പിഎസ്‌സി എന്ന സംവിധാനത്തിൽ കേരളത്തിലെ യുവജനത എങ്ങനെ പ്രതീക്ഷ അർപ്പിക്കും?
2019ലെ സിവിൽ പോലീസ് ഓഫീസർ (CPO) റാങ്ക് ലിസ്റ്റിൽ 1,2,28 റാങ്കുകൾ ലഭിച്ച എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, എ.എൻ.നസീം, പ്രണവ് എന്നിവർ കോപ്പിയടിച്ചാണ് റാങ്ക് പട്ടികയിൽ കടന്നുകൂടിയതെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്. രാഷ്ട്രീയ നേതൃത്വവും പിഎസ്‌സി ഭരണസമിതിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ആ സംഭവത്തിലുടെ മറനീക്കി പുറത്തുവന്നത്. ക്രമക്കേടിനെ തുടർന്ന് മാസങ്ങളോളം മരവിപ്പിക്കപ്പെട്ട ആ ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളാണ് ഈ ക്രിമിനലുകൾകാരണം പൊലിഞ്ഞത്.

എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലാണ് പിഎസ്‌സി ചെയർമാനടക്കം 21 അംഗങ്ങളുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചത്. ആ സമയത്ത് ആശാ വർക്കർമാർ മിനിമം കൂലി 700 രൂപയാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുകയായിരുന്നു. ആശാ വർക്കർമാരുടെ ആവശ്യങ്ങളെ ആക്ഷേപത്തോടെ അവഗണിച്ച സർക്കാർ പിഎസ്‌സി മെമ്പർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. 2,24,000 രൂപയിൽനിന്നും 3,18,000 ആയി ചെയർമാന്റെയും 2,19,000 രൂപയിൽനിന്നും 3,11,000 രൂപയായി അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിച്ചു. തികച്ചും അന്യായമായ ഈ വർദ്ധനവിനെതിരെ വലിയ പ്രതിഷേധമുണ്ടായെങ്കിലും സർക്കാർ, തീരുമാനത്തിൽനിന്നും വ്യതിചലിച്ചില്ല. ജനങ്ങളുടെ നികുതി പണത്തിൽനിന്നും വൻതോതിൽ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരാണ് തികച്ചും നിയമവിരുദ്ധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഈ വിധത്തിൽ പിഎസ്‌സിയിൽ വലിയ ക്രമക്കേടുകൾ നടക്കുമ്പോൾ, സെക്രട്ടേറിയറ്റിനുമുന്നിൽ എൽപിസ്കൂൾ ടീച്ചേഴ്‌സ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ അനിശ്‌ചിതകാല നിരാഹാരസമരത്തിലാണ്. മണ്ണുവാരി തിന്നും, ഉപ്പുകല്ലിൽ മുട്ടുകുത്തി നിന്നുമൊക്കെ അവർ ജോലിക്കുവേണ്ടി പൊരിവെയിലിൽ സമരം ചെയ്യുന്നു. എൽഡിഎഫ് സർക്കാരിന്റെ ഭരണകാലം നിയമനനിരോധനത്തിന്റെ നാളുകളായിരുന്നു. യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചതിൽ യുവജനങ്ങൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നത് സർക്കാർ വിസ്മരിക്കരുത്. നിയമനങ്ങളുടെ കാര്യത്തിൽ എൽഡിഎഫിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് ജനങ്ങൾ പുതിയ സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നത്.

കോറോ ഹെൽത്ത് എന്ന അമേരിക്കൻ ഐടി കമ്പനിയിൽനിന്നും 900 ജീവനക്കാരെ ഒരറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്, സ്വകാര്യ മേഖലയിലെ തൊഴിലിന്റെ അനിശ്ചിതത്വത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ തൊഴിൽ സുരക്ഷിതത്വത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നു. ഈ സാഹചര്യത്തിലാണ്, സ്ഥിരം തൊഴിലും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജോലിയിൽ യുവജനങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നത്. പ്രധാനപ്പെട്ട തൊഴിൽ ദാതാവെന്നെ നിലയിൽ സ്ഥിരം തൊഴിൽ നൽകുവാനുള്ള ഉത്തരവാദിത്തം സർക്കാർ കൃത്യതയോടെ നിർവ്വഹിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും അതിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്താനുമുള്ള നടപടികൾ ഉണ്ടാവണം. അതിന് ആദ്യം ചെയ്യേണ്ടത്, പിഎസ്‌സിയെ ശുദ്ധീകരിക്കുക എന്നതാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടുകയും നീതിയുക്തവും സ്വതന്ത്രവുമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള, പുതിയൊരു ഭരണസമിതിയെ പിഎസ്‌സി നടത്തിപ്പിന് ചുമതലപ്പെടു ത്തുകയും വേണം. അല്ലാത്തപക്ഷം, വലിയ യുവജന പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് ഉയർന്നുവരികതന്നെ ചെയ്യും.

Share this post

scroll to top