അമേരിക്ക ആസ്ഥാനമായുള്ള ‘കോറോ ഹെൽത്ത് ഇൻഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡി’ന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും യൂണിറ്റുകളിൽനിന്ന് 800ൽ അധികം ജീവനക്കാരെ ജൂലൈ 3ന് രാവിലെ പിരിച്ചുവിട്ട നടപടി കേരളത്തെ ഒന്നാകെ ഞെട്ടിച്ചു.
കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അന്നേ ദിവസം കൊച്ചിയിലും കോഴിക്കോട്ടും നടന്നത്. തലേദിവസം ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾപോലും ഒരു സൂചന നൽകാതെ, എന്തിന് തലേന്ന് രാത്രി ഒരു ഇ-മെയിൽ സന്ദേശത്തിലൂടെപോലും അറിയിക്കാതെ, ജൂലൈ 3ന് രാവിലെ ജോലിക്കെത്തുമ്പോൾ, ഗേറ്റിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് തൊഴിലാളികളെ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കുന്നത് കായികമായി തടയുകയാണുണ്ടായത്. എല്ലാവരെയും പിരിച്ചുവിട്ടിരിക്കുന്നതായും കോഴിക്കോട്ടെയും കൊച്ചിയിലെയും ഓഫീസുകൾ അടച്ചുപൂട്ടിയതായും എത്രയും വേഗം പിരിച്ചുവിടൽ ഓര്ഡറും കൈപ്പറ്റി പോകണമെന്നും ഓഫീസിനുപുറത്ത് കൂട്ടംകൂടി നിന്നിരുന്ന തൊഴിലാളികളോട് ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയാണ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം തെരുവിൽ ഒരേനിൽപ്പ് തുടർന്ന തൊഴിലാളികൾക്ക് തലേന്നുവരെ പണിയിടമായിരുന്ന അവരുടെ ഓഫീസ് മാത്രമല്ല, അവിടുത്തെ ടോയ്ലെറ്റുപോലും തുറന്നുകൊടുക്കാൻ മാനേജുമെന്റ് തയ്യാറായില്ല. തൊഴിലാളികളോട് ഇത്ര അപമാനകരവും ക്രൂരവുമായ രീതിയിൽ പെരുമാറാൻ, നോട്ടീസുപോലും നൽകാതെ ഇത്ര ധിക്കാരത്തോടെ പുറത്താക്കാൻ മുതലാളിമാരെ പ്രേരിപ്പി ക്കുന്നതെന്താണ്?
നഷ്ടത്തിന്റെ പേരിൽ കേരളത്തിലെ യൂണിറ്റുകളിൽനിന്ന് കൂട്ടത്തോടെ പിരിച്ചുവിടുമ്പോൾ ഇതേ കമ്പനിയുടെ ഹൈദരാബാദിലെയും നോയിഡയിലെയും യൂണിറ്റുകളിൽ പുതിയതായി ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെയെങ്കിൽ നഷ്ടമെന്നത് ഒരു കെട്ടുകഥ മാത്രമാണ്. അപ്പോൾ യഥാർത്ഥ കാരണമെന്താണ്? ഐടി മേഖലയിലെ ജോലി സമ്മർദ്ദം രാജ്യമെമ്പാടും കടുത്ത ആശങ്ക ഉയർത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജോലിഭാരം നിമിത്തം മരണമടഞ്ഞ അന്ന സെബാസ്റ്റ്യൻ എന്ന പെൺകുട്ടിയുടെ ദുർവിധി രാജ്യത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഏതാണ്ട് സമാനമായ തൊഴിൽ സാഹചര്യമായിരുന്നു കോറോ ഹെൽത്തിലും നിലനിന്നിരുന്നത്. നിരന്തരമായ പിരിച്ചുവിടൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ജോലിഭാരവും പ്രമോഷൻ നിഷേധവും തൊഴലാളികൾക്കിടയിൽ അസംതൃപ്തിക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. കഴിഞ്ഞ വർഷം മാസങ്ങളുടെ ഇടവേളകളിൽ ഈ കമ്പനി 300 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ സ്ഥാനത്ത് ട്രെയിനികളെ നിയോഗിക്കുകയും ട്രെയിനിംഗ് കാലാവധി കഴിയുമ്പോൾ അവരെ പിരിച്ചുവിടുകയും ചെയ്യുന്നത് ഈ സ്ഥാപനത്തിൽ സ്ഥിരനടപടിയാണ്. ഇതിനെല്ലാമെതിരെ ഉയർന്നുവന്നുകൊണ്ടിരുന്ന പ്രതിഷേധം രാജ്യത്തെ അവരുടെ മുഴുവൻ യൂണിറ്റുകളിലേക്കും പടരുമെന്ന സൂചനയാണ്, എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടലിന്റെ കാരണമായി കരുതാവുന്നത്.
തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയരായി പണിയെടുക്കുകയും പിരിഞ്ഞുപോവുകയുമല്ലാതെ തൊഴിലാളികളുടെ മുമ്പിൽ മറ്റുമാർഗ്ഗമില്ലെന്ന പുതിയ കാലത്തിന്റെ പാഠം, കർശനമായി പഠിപ്പിക്കുകയാണ് മാനേജുമെന്റ്. കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിന്റെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് തങ്ങൾ പിരിച്ചുവിടൽ നടത്തിയിരിക്കുന്നതെന്ന് കമ്പനി മാനേജുമെന്റ് മാധ്യമങ്ങളോട് വിശദീകരിച്ചു. തൊഴിലുടമയ്ക്ക് സമസ്താധികാരങ്ങളും നൽകിക്കൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ ലേബർ കോഡുകൾ രൂപപ്പെടുത്തി യിരിക്കുന്നതെന്ന ട്രേഡ് യൂണിയനുകളുടെ മുന്നറിയിപ്പ് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് കോറോ ഹെൽത്തിലെ ഉടമകളുടെ വാദം. തൊഴിലവകാശങ്ങൾ പോകട്ടെ, എന്തിന് മാനുഷിക പരിഗണനപോലും നൽകാൻ ഉടമകൾ തയ്യാറല്ല. ആരെയും അവർക്കു ഭയപ്പെടേണ്ടതില്ല. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി, റീജിയണൽ ലേബർ കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, എംഎൽഎ ഉമ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കോറോ ഹെൽത്തിന്റെ പ്രതിനിധികൾ, ഒരാളെപ്പോലും തിരികെ ജോലിയിൽ പ്രവേശിപ്പിക്കില്ല എന്ന് ഒരു കൂസലുമില്ലാതെ പ്രഖ്യാപിച്ചു. മൂലധന നിക്ഷേപകരാണ് പുതിയ കാലത്തിന്റെ അധികാരശക്തി. ജനായത്ത സർക്കാരിന്റെ പ്രതിനിധികൾക്ക് നിസ്സഹായരായി, മുതലാളിമോരോട് യാചിക്കാനും അഭ്യർത്ഥിക്കാനുമേ വഴിയുള്ളൂ. തൊഴിലാളികളുടെ പക്ഷത്തു നിൽക്കാൻ സർക്കാർ നിർബ്ബന്ധിതമായിട്ടും അതിൻപ്രകാരം വിലപേശിയിട്ടും മാധ്യമങ്ങൾ ഒരുമിച്ച് നിന്ന് ഈ തൊഴിൽ സംസ്കാരം സംസ്ഥാനത്ത് അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടും ഒരു കടുകുമണിയുടെ നേട്ടം പോലും ഉടമകളിൽനിന്ന് നേടിയെടുക്കാൻ കഴിഞ്ഞില്ല. ലേബർ കോഡുകൾ ഉടമകൾക്ക് നൽകിയിരിക്കുന്ന മേധാവിത്വം എത്ര ഭയാനകമെന്ന് ഇത് സ്ഥിരീകരിക്കുന്നു. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് മറ്റ് ഐടി കമ്പനികളിൽ നിയമനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഒടുവിൽ മുഖം രക്ഷിക്കാൻ സർക്കാർ പ്രതിനിധികൾ ശ്രമിക്കുക യാണുണ്ടായത്.
നിലവിലുണ്ടായിരുന്ന വ്യവസായത്തർക്ക നിയമ(1947) (ഐഡിആക്ട് 1947) പ്രകാരം നൂറിനു മുകളിൽ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ അനുമതി നിർബന്ധിതമായിരുന്നു. എന്നാൽ പുതിയ ലേബർ കോഡ് വന്നപ്പോൾ 300നു മുകളിൽ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾക്കുമാത്രമേ അനുമതിയുടെ ആവശ്യമുള്ളൂ എന്നു വ്യവസ്ഥ ചെയ്യപ്പെട്ടു. എന്നു മാത്രവുമല്ല, 300 എന്ന എണ്ണം ‘ഫ്ലെക്സിബിൾ’ ആണെന്നും സർക്കാരുകൾക്ക് ഇത് അവശ്യാനുസരണം മാറ്റാമെന്നും എഴുതിവെച്ചു. അതിനും കഴിഞ്ഞില്ലെങ്കിൽ 300 തൊഴിലാളികളൊഴികെ ബാക്കിയെല്ലാവരെയും കരാർ, കാഷ്വൽ, ട്രെയിനി, അപ്രന്റീസ് തുടങ്ങിയ ഇനങ്ങളിൽപ്പെടുത്തിയാൽ ഈ വ്യവസ്ഥ പാലിക്കേണ്ട ആവശ്യകതയേ വരില്ല. ചുരുക്കത്തിൽ പുതിയ ലേബർ കോഡ് പ്രകാരം ഒരു സ്ഥാപനം അടച്ചുപൂട്ടാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് ലേബർ കോഡിനെ വ്യാഖ്യാനിച്ചുകൊണ്ട് സമർത്ഥിക്കാൻ നിരവധി സാധ്യതകളാണ് ഉടമകൾക്ക് തുറന്നിട്ടിരിക്കുന്നത്. ലേബർ കോഡ് പ്രകാരം കരാർ നിയമന ഉത്തരവിലെ വ്യവസ്ഥകളിൽ ഉടമകൾക്ക് അനുകൂലമായി ലഭിക്കുന്ന മേൽക്കൈയാണ് കോറോ ഹെൽത്തിലെ ജീവനക്കാരെ നിർദ്ദാക്ഷിണ്യം പുറത്താക്കാൻ ഇടവരുത്തിയത്. ഇത് കോറോ ഹെൽത്തിലെ മാത്രം സ്ഥിതി വിശേഷമല്ല. രാജ്യത്തെവിടെയുമുള്ള ഐടി സ്ഥാപനങ്ങളിൽ നടമാടുന്നത് സമാനമായ കടുത്ത തൊഴിൽ ചൂഷണവും നഗ്നമായ അവകാശലംഘനങ്ങളുമാണ്. ‘ഹയർ ആന്റ് ഫയർ’ സൃഷ്ടിക്കുന്ന അനിശ്ചതത്വത്തിന്റെ മാനസിക സമ്മർദ്ദത്തിൻ കീഴിലാണ് മുഴുവൻ ഐടി തൊഴിലാളികളും രാജ്യത്ത് പണിയെടുക്കുന്നത്.
സമാനമായ കൂട്ടപ്പിരിച്ചുവിടലുകളാണ് കൊച്ചിയിലെ ടാർലോക്ക് എന്ന കമ്പനിയിൽ അടുത്തിടെ നടന്നത്. 300 തൊഴിലാളികളെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. 11 മാസം വരെയുള്ള ശമ്പളം കുടിശികയാക്കി പിടിച്ചുവച്ചിരിക്കുകയാണ്. തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കവർന്നെടുക്കുന്നതുകൂടാതെ, ട്രെയിനികളെയും, കൂലി ഇല്ലാതെയോ ഫീസ് വാങ്ങിക്കൊണ്ടോ അപ്രന്റീസുകൾ എന്ന പേരിൽ പണിക്ക് നിയോഗിച്ചുകൊണ്ട് മൃഗീയമായ തൊഴിൽ ചൂഷണവും 250 കോടി രൂപയുടെ ആസ്തി അവകാശപ്പെടുന്ന ഈ കമ്പനി നടത്തിവന്നിരുന്നു. ഈ ഒരു മാസം തന്നെ രണ്ടു വലിയ കമ്പനികളിൽ നടന്ന ഈ കൂട്ടപ്പിരിച്ചു വിടൽ ജനശ്രദ്ധയിലെത്തിയത് പിരിച്ചവിടപ്പെട്ട് തൊഴിൽശാലയിൽ നിന്ന് തള്ളി പുറത്താക്കിയതിനുശേഷം തൊഴിലാളികൾ നടത്തിയ തുറന്ന പ്രതിഷേധത്തെ തുടർന്നാണ്. ഇത്തരം അസംഖ്യം പിരിച്ചു വിടലുകളും കൂലിക്കൊള്ളയും അനുദിനം ചെറുതും വലുതുമായ തൊഴിലിടങ്ങളിൽ നടന്നുവരികയാണ്. ഈ തൊഴിലാളികൾ അസംഘടിതരായതിനാൽ അതൊന്നും പൊതുശ്രദ്ധയിൽപ്പെടാതെ പോവുകയാണ്.
മുതലാളിമാർക്കുവേണ്ടി തൊഴിൽനയങ്ങളും നിയമങ്ങളും പൊളിച്ചെഴുതിയ കേന്ദ്രസർക്കാരും അതിനെ പിന്തുടർന്ന സംസ്ഥാനസർക്കാരുകളുമാണ് തൊഴിലാളികളെ നഗ്നമായ തൊഴിൽ ചൂഷണത്തിലേക്ക് എറിഞ്ഞുകൊടുത്തത്. സ്ഥിരതൊഴിലിന്റെ സ്ഥാനത്ത് നിശ്ചിതകാല തൊഴിൽ (Fixed Term Employment) മാത്രമേ ഇനി ഉള്ളൂ എന്ന തൊഴിൽ നയം പ്രഖ്യാപിച്ചത് കേന്ദ്ര സർക്കാരാണ്. ഒരു തൊഴിലും ആർക്കും സ്ഥിരപ്പെട്ടതല്ലെങ്കിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത് തൊഴിൽത്തർക്കത്തിന്റെ പരിധിയിൽ എങ്ങിനെ വരുമെന്നാണ് ഇപ്പോൾ തൊഴിലുടമകൾ ചോദിക്കുന്നത്. തങ്ങൾ പിരിച്ചുവിടുകയല്ല, കരാർ കാലാവധി തീരുന്ന മുറയ്ക്ക് തൊഴിൽ അവസാനിക്കുകയാണത്രേ. സമസ്ത മേഖലയിലും കാഷ്വൽ-കരാർ നിയമനങ്ങൾ നടപ്പാക്കുന്നത് സർക്കാരുകളാണ്. തൊഴിൽ പരിശീലനത്തിന്റെ പേരിൽ ട്രെയിനി, അപ്രന്റീസ്, ഇന്റേൺഷിപ്പ് എന്നിങ്ങനെയുള്ള താൽക്കാലിക തസ്തികകളിൽ വൻതോതിൽ യുവാക്കളെ നിയോഗിച്ച് കൂലി കൊടുക്കാതെ പണിയെടുപ്പിക്കുന്നതിനായി, മുതലാളിമാർക്കുവേണ്ടി നിയമങ്ങൾ മുഴുവൻ പൊളിച്ചെഴുതിയത് കേന്ദ്ര സർക്കാരാണ്. തൊഴിലാളികൾക്ക് അവകാശങ്ങളും മനുഷ്യരെന്ന അന്തസ്സും ഉറപ്പാക്കേണ്ട ജനാധിപത്യ സർക്കാരുകൾ പൂർണ്ണമായും ഉടമകളുടെ പക്ഷത്തായിക്കഴിഞ്ഞു. അതിനാലാണ് തങ്ങൾക്ക് ലാഭം പെരുപ്പിക്കുന്നതിനായുള്ള ഒരു ഉപകരണം മാത്രമായി തൊഴിലാളികളെ കാണുന്ന, പണിയെടുക്കുന്നവരെ മനുഷ്യജന്മങ്ങളായി പോലും ഗണിക്കാത്ത കോറോ ഹെൽത്ത് മാതൃകയിലുള്ള ഉടമകൾ ഉണ്ടായിവരുന്നത്. രാജ്യത്തെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയും ഇതുതന്നെയാണ്.
കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഭരണത്തിലിരുന്ന് നടപ്പിലാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസും’ കേന്ദ്രം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തൊഴിൽ കോഡുകളും തൊഴിലാളികളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഔപചാരികമായി തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല; 1947ലെ വ്യവസായ തർക്ക നിയമമാണ് ബാധകം എന്ന് പറയുമ്പോഴും കേരളത്തിലെ തൊഴിൽ മേഖലയിലാകെ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളാണ് അടിമുടി നടപ്പിലാവുന്നത്. അതുകൊണ്ടാണ് കോറൊ കമ്പനി തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിട്ടത് തൊഴിൽ കോഡുകൾ അനുസരിച്ചാണെന്ന് പറയാൻ ധൈര്യം കാണിച്ചിരിക്കുന്നത്. ഈ നിയമലംഘനത്തിന് 1947ലെ നിയമമനുസരിച്ച് മുതലാളിമാർക്ക് ഒരു വർഷം വരെ ശിക്ഷ വിധിക്കുന്ന കുറ്റമാണ്.
തൊഴിൽകോഡുകൾ മുതലാളിമാർക്ക് തൊഴിലാളികളെ യഥേഷ്ടം ചൂഷണം ചെയ്യാനുള്ള അനുമതിപത്രമാണെന്നും തൊഴിലാളികളുടെ എല്ലാ നിയമപരമായ സംരക്ഷണങ്ങളും എടുത്തുകളയുന്നതാണെന്നും സംഘടിതമായി വിലപേശാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളി സംഘടനകൾ, സംയുക്തമായി നടത്തിയ പ്രക്ഷോഭണങ്ങളെ പുല്ലുവിലപോലും കൽപ്പിക്കാതെ ലേബർകോഡുകൾ നടപ്പിലാക്കിയ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ വീറുറ്റ സമരങ്ങളുടെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളി വിരുദ്ധ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന നയത്തിൽനിന്ന് പിന്മാറുവാനും, തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ നിലപാടെടുക്കുവാനും തൊഴിൽ കോഡിനുള്ള ചട്ടങ്ങൾ യാതൊരു കാരണവശാലും രൂപീകരിക്കാതിരിക്കുവാനും കേരള സർക്കാരിനെ നിർബന്ധിതമാക്കുവാൻ, തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി ശ്രമിക്കേണ്ട വേളയാണിത്. ട്രേഡ് യൂണിയൻ നേതാക്കളും മുൻസർക്കാരിന്റെയും പുതിയ സർക്കാരിന്റെയും പ്രതിനിധികളും ജൂലൈ 3ന് കോറോ ഹെൽത്തിനു മുമ്പിൽ ഉയർത്തിയ പ്രതിഷേധം സത്യസന്ധമാകണമെങ്കിൽ, മൂലധന നിക്ഷേപകർക്കായി നിങ്ങൾ കൈക്കൊള്ളുന്ന നയങ്ങളും നിലപാടുകളും തിരുത്തിയേ മതിയാകൂ എന്ന് ഈ വൈകിയ നിമഷമെങ്കിലും അംഗീകരിക്കണം.
