ധർമ്മനീതികളുടെ സംരക്ഷകനെന്നനിലയിൽ മര്യാദാപുരുഷോത്തമനായി ആദികാവ്യം പ്രകീർത്തിക്കുന്ന രാമന്റെ പേരിലുള്ള അയോധ്യയിലെ രാംമന്ദിർ ഇന്ന് അധർമ്മത്തിന്റെയും കൊള്ളയുടെയും കേന്ദ്രമായി മാറുന്നത് ഹിന്ദുമതവിശ്വാസികളെ മാത്രല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും അമ്പരപ്പിക്കുന്നു.
ശ്രീരാജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രത്തിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു കോടി രൂപ മൂല്യമുള്ള കാണിക്കയും സംഭാവനകളും അതു സംരക്ഷിക്കേണ്ടവർ തന്നെ നിർബാധം കൊള്ളയടിച്ചുകൊണ്ടിരുന്ന വർത്തകളാണ് ഏതാനും ആഴ്ചകളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊള്ള വിവരം പുറത്തായതിനു ശേഷം രാജിവച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയടക്കം ട്രസ്റ്റിലെ ഏതാണ്ട് മുഴുവനാളുകളും വിശ്വഹിന്ദു പരിഷത്തിന്റെയും ആർഎസ്സ്എസ്സിന്റെയും മുൻനിര സംഘാടകരും രാമക്ഷേത്ര സമരത്തിന്റെ പ്രധാന പ്രവർത്തകരും ആയിരുന്നു. പുതുതായി സ്ഥാനമേറ്റ ജനറൽ സെക്രട്ടറിയും വിഎച്പി നേതാവു തന്നെ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുള്ളവരുമാണ് ഇവർ.
പിഎംഒയുമായുള്ള (പ്രൈംമിനിസ്റ്റര് ഓഫീസ്) നേരിട്ടുള്ള കണ്ണി രാംമന്ദിർ നിർമ്മാണസമിതി അധ്യക്ഷനായ നൃപേന്ദ്ര മിശ്രയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര, 2014 മുതൽ 2019 വരെ പിഎംഒയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ക്ഷേത്ര പദ്ധതിയുടെ നിർമ്മാണപരവും സാമ്പത്തികവുമായ മേൽനോട്ടം വഹിക്കുന്നതിനായി കേന്ദ്ര സർക്കാർ അദ്ദേഹത്തെ പ്രത്യേകം തിരഞ്ഞെടുത്തതാണ്. ട്രസ്റ്റും ന്യൂഡൽഹിയും തമ്മിലുള്ള നിർണ്ണായകമായ ഒരു ഘടനാപരമായ പാലമായി അദ്ദേഹം പ്രവർത്തിക്കുന്നു. 2020 ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽവെച്ചാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം നേരിട്ട് പ്രഖ്യാപിച്ചത്. കൂടാതെ, ആകെ 15 ട്രസ്റ്റിമാരിൽ 12 പേരെയും പിഎംഒ, ആഭ്യന്തര മന്ത്രാലയം എന്നിവവഴി കേന്ദ്ര സർക്കാർ നേരിട്ട് പരിശോധിച്ച് നാമനിർദ്ദേശം ചെയ്തവരാണ്. ഇവരറിയാതെ താഴെത്തലത്തിലുള്ള ഏതാനും ജോലിക്കാർ നടത്തിയ മോഷണം മാത്രമാണിത് എന്നാണ് ഇപ്പോൾ സംഘപരിവാർ ഇതിനെ ന്യായീകരിക്കുന്നത്. സംഘപരിവാർപോലെ കേന്ദ്രീകൃതമായ സംഘടനാ സംവിധാനമുള്ള ഒരു വ്യവസ്ഥയിൽ ഏതാനും പേർക്കുമാത്രമായി ചെയ്യാവുന്നതല്ല ഈ കൊള്ള എന്നത് സുവ്യക്തമാണ്. പ്രധാനമന്ത്രി വ്യക്തിപരമായി മറുപടി പറയേണ്ടുന്ന വിധം അദ്ദേഹത്തിന്റെ ഓഫീസ് ഉത്തരവാദിത്തമേറ്റെടുക്കേണ്ട വിഷയമാണിത്.
അഴിമതിക്കെതിരെ നിലകൊള്ളുന്ന വ്യത്യസ്തമായപാർട്ടി എന്നതായിരുന്നല്ലോ ഭരണത്തിലേറുന്നതുവരെ ബിജെപിയുടെ അവകാശവാദം. വ്യക്തിഗതമായി മുൻനിരനേതാക്കൾ പണമുണ്ടാക്കുന്ന രീതിക്കുപകരം അദാനി, അംബാനിമാർക്കുള്ള വഴിവിട്ട സഹായങ്ങളും തിരഞ്ഞെടുപ്പു ബോണ്ട് വഴിയുള്ള ധനസമാഹരണവും വഴി അഴിമതി കേന്ദ്രീകൃതമായതും ഘടനാപരവുമായ ഒന്നാക്കി മാറ്റിയിരുന്നു അവർ. എന്നാൽ ബൂർഷ്വാരാഷ്ട്രീയം കൈയാളുന്ന ഏതൊരാളിനെയുംപോലെ ഓരോരോ നേതാക്കളായി അഴിമതിയുടെ ചെളിക്കുണ്ടിലേക്കു വീഴുന്ന കാഴ്ചയാണ് ഈ അമ്പലക്കൊള്ളയിലൂടെ വെളിവാകുന്നത്.
ഹിന്ദി ബെൽറ്റിലൂടെ അധികാരത്തിലേക്ക് എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിലെ ബൂർഷ്വാ രാഷ്ട്രീയപാർട്ടികളുടെയും മുന്നണികളുടെയും പ്രവർത്തനരീതി. അതിൽ ലക്ഷ്യബോധത്തോടെ, സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തി, അയോധ്യയിലൂടെ അധികാരത്തിലേക്ക് എന്ന പുതുരീതി ബിജെപി ആവിഷ്ക്കരിച്ചത് 1980 കളിലാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം തഴയ്ക്കുന്ന വളക്കൂറുള്ള മണ്ണൊരുക്കാനായി സംഘപരിവാർ സംഘടനകൾ സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ നടത്തിയ ശ്രമങ്ങളാണ് അനുകൂല സന്ദർഭത്തിൽ രാഷ്ടീയനേട്ടത്തിനായി വിത്തിടാൻ ബിജെപിയെ പ്രാപ്തമാക്കിയത്. നൂറ്റാണ്ടുകളായി മുസ്ലീങ്ങളുടെ ആരാധനാലയമായിരുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന വാദമുയർത്തി ഹിന്ദുവികാരം ദൃഢീകരിക്കുക മാത്രമല്ല വിഷമയമായ മുസ്ലീംവിരോധം സാധാരണജനങ്ങളിൽ കുത്തിവെക്കുകയും ചെയ്ത്, അവർ ഇന്ത്യയെ വർഗ്ഗീയമായി വിഭജിച്ചു.
ചരിത്രപരമായി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സുകളിൽ കുടികൊണ്ട രാമൻ എന്ന ബിംബത്തെ ഭക്തിയുടെ സീമകൾക്കപ്പുറത്ത് രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു അവർ. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ബാബറി മസ്ജിദ് ഇടിച്ചു നിരത്തി. പകൽവെളിച്ചത്തിൽ അതുചെയ്ത ഉന്നത നേതാക്കളെയടക്കം കാൽനൂറ്റാണ്ടോളം നിയമ നടപടികളിൽനിന്നു് സംരക്ഷിച്ചു. അവസാനം അമ്പരപ്പിക്കുന്ന കോടതി വിധിയിലൂടെ പള്ളി നിന്ന സ്ഥലത്ത് അമ്പലനിർമ്മാണത്തിനുള്ള അനുമതി നേടിയെടുത്തു. കുറ്റം ചെയ്തവരെ വെറുതെ വിട്ട് പുണ്യവാന്മാരാക്കി. തുടർന്ന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഭീമമായ സംഭാവനകൾ വാങ്ങി ആയിരക്കണക്കിനു ഭക്തരുടെ അദ്ധ്വാനം ചൂഷണം ചെയ്ത് രാമക്ഷേത്രം നിർമ്മിച്ചു. ഭക്തരുടെ സംഭാവനകൾ ഇക്കാലമത്രയും തുടർന്നു കൊണ്ടിരിക്കയുമാണ്. ഈ സ്വത്താണ് ഇപ്പോൾ കൈയും കണക്കുമില്ലാതെ കൊള്ളയടിക്കപ്പെട്ടതായി വെളിപ്പെടുന്നത്.
അപ്പോൾ രാമഭക്തി എന്നത് ബിജെപിക്ക് അധികാരത്തിലെത്താനും വേണ്ടപ്പെട്ടവർക്ക് പൊതുമുതൽ കൊള്ളയടിക്കാനും വഴിയൊരുക്കുന്ന ഉപാധി മാത്രമാണ്. അധികാരാരോഹണത്തെ സഹായിക്കുന്ന വിധം വിശ്വാസികളായ സാധാരണക്കാരിൽ ഊതിപ്പെരുപ്പിക്കാനുള്ള അടിസ്ഥാന ചോദന മാത്രം. അപ്പോൾ മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനുമുമ്പ് വിചിത്രവേഷത്തിൽ വന്ന് പ്രാണപ്രതിഷ്ഠ എന്ന ചടങ്ങു നടത്തി ഹിന്ദുമതവികാരം ജ്വലിപ്പിക്കും. ഇന്ത്യയുടെ വികാരത്തെ തങ്ങൾ സംരക്ഷിച്ചതായി വീരവാദം മുഴക്കും.
എന്നാലും യാഥാർത്ഥ്യങ്ങൾ മുഴച്ചുതന്നെ നില്ക്കും. അയോധ്യയിലെ കച്ചവടക്കാരുടെ സ്ഥാപനങ്ങളും തെരുവോരങ്ങളിൽ ജീവിക്കുന്നവരുടെ വീടുകളും ഇടിച്ചു നിരത്തി രാജവീഥികൾ സൃഷ്ടിക്കും. അന്തർദ്ദേശീയ ടൂറിസ്റ്റ്, ഭക്തി കേന്ദ്രമായി അയോധ്യയെ വികസിപ്പിക്കാനായി സാധാരണക്കാരെ നഗരത്തിനു പുറത്തേക്ക് ആട്ടിപ്പായിക്കും. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ജനങ്ങൾ ഇതിനോടു പ്രതിഷേധിച്ചതാണ്. ഒരു തിരഞ്ഞെടുപ്പു പരാജയം കൊണ്ടു മാത്രം നേരിടേണ്ട വിഷയമല്ല ഈ അമ്പലക്കൊള്ള. രാഷ്ട്രീയമായി നിരക്ഷരരായ കോടിക്കണക്കിനു സാധാരണക്കാരുടെ ഭക്തി എന്ന വികാരത്തെ അധികാരനേട്ടത്തിനായിചൂഷണം ചെയ്യുകയും പിന്നീട് തന്നിഷ്ടം പോലെ പൊതുസ്വത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന അധമരാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയാണു വേണ്ടത്. ഉന്നതനേതാക്കളടക്കം അഴിമതിയിൽ പങ്കുള്ള എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം. ഏറ്റവുമാദ്യം വേണ്ടത് പ്രധാനമന്ത്രി ഇതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയാണ്.
അഴിമതി പുറത്തുവന്നത് എങ്ങനെ?
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഒരു ഓഡിറ്റ് സ്ഥാപനം കണ്ടെത്തിയത്: “പ്രായോഗിക തലത്തിലെ മാനേജ്മെന്റിന്റെ ഘടന നിർവചിച്ചിട്ടില്ല, നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നത്, സംഭാവനകളുടെ ചിട്ടയായ രേഖകളില്ല, ഇടപാടിന്റെയും ഡാറ്റ എൻട്രിയുടെയും ഒരുഘട്ടത്തിലും പരിശോധനയില്ല, ഡാറ്റയുടെ കൃത്യതയ്ക്കും ഫലപ്രദമായ മാനേജ്മെന്റിനും ഒരു ഇടപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം അത്യാവശ്യമാണ്.” ആറുവർഷം കഴിഞ്ഞിട്ടും, കാര്യക്ഷമമായ മാനേജ്മെന്റിനായി ഒരു സിസ്റ്റമാറ്റിക് ഓപ്പറേറ്റിംഗ് പ്രോസസ് (എസ്ഒപി) തയ്യാറാക്കണമെന്ന സ്വകാര്യ ഓഡിറ്റ് സ്ഥാപനത്തിന്റെ ശുപാർശ ഇതുവരെ നടപ്പാക്കിയിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ മഹിപാൽ സിംഗ് എന്ന വ്യക്തിയുടെ ഇടപെടലിനെത്തുടർന്നാണ് മോഷണം പുറത്തുവന്നത്. ചീഫ് അക്കൗണ്ടന്റ് ഓഫിസർ ആയിരുന്ന മഹിപാൽ സിംഗ് 2021 ഡിസംബറിൽത്തന്നെ മോഷണം കണ്ടെത്തി ട്രസ്റ്റ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല് ട്രസ്റ്റ് അധികൃതർ അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. അതോടെ വിഷയം വിസ്മരിക്കപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവാണ് വീണ്ടും വിഷയം ഉയർത്തുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യം ഈ ആരോപണം തള്ളിക്കളഞ്ഞെങ്കിലും, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ അന്വേഷണാർത്ഥം രൂപീകരിക്കാൻ നിർബന്ധിതനായി. ക്ഷേത്ര പരിസരത്ത് ഭക്തർ പണവും ആഭരണങ്ങളും നിക്ഷേപിക്കുന്ന 36 പെട്ടികളുണ്ട്. ദിവസേന 15 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപവരെയാണത്രേ സംഭാവനയായി ലഭിക്കുക. പെട്ടികൾ തുറന്ന് മുഴുവൻ ശേഖരവും സ്റ്റീൽ ട്രങ്കുകളിൽ ശേഖരിച്ച്, പൂട്ടി വാഹനത്തിൽ കയറ്റി അടുത്തുള്ള പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിലെ പ്രത്യേക കൗണ്ടിംഗ് ഹാളിൽ കൊണ്ടുപോയി, നോട്ടുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം പ്രോസസ്സ് ചെയ്യുകയാണ് പതിവ്. രണ്ട് ഷിഫ്റ്റുകളിലായാണ് എണ്ണൽ. സംഭാവനകൾ എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു സ്വകാര്യ ഏജൻസിയെ നിയമിച്ചു.
ട്രസ്റ്റ് അധികൃതരുടെ മേൽനോട്ടത്തിൽ, സിസിടിവി നിരീക്ഷണത്തിൽ, ഏകദേശം 50 പേർ പണം എണ്ണി, കെട്ടുകളാക്കി, കെട്ടുകൾ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയിൽ സ്വകാര്യ ഏജൻസി ജീവനക്കാർ, ട്രസ്റ്റ് ജീവനക്കാർ, എസ്ബിഐ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവരുടെ ഓഡിറ്റ് ടീമുകൾ എന്നിവർ ഉൾപ്പെട്ടിരുന്നു. എന്നാല് അവര് പണം മാത്രമാണ് എണ്ണിയത്. ആഭരണങ്ങൾ എണ്ണിയില്ല.
ജൂൺ 5ന് ഒരു പതിവ് പരിശോധനയിൽ ചില ക്ഷേത്ര ജീവനക്കാരുടെ പോക്കറ്റുകളിൽനിന്ന് പണം സുരക്ഷാ ജീവനക്കാർ കണ്ടെത്തി. ഇതിനിടെ മഹിപാൽ സിംഗിന്റേതായി വന്ന വീഡിയോ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കൗണ്ടിംഗ് ജീവനക്കാർ ഓരോ പണക്കെട്ടിലും അധിക നോട്ടുകൾ ചേർക്കുമായിരുന്നത്രേ! എന്നാൽ കെട്ടുകളുടെ എണ്ണം മാത്രമേ പരിശോധിച്ചിരുന്നുള്ളൂ, ഓരോ കെട്ടിലും എത്ര നോട്ടുകൾ ഉണ്ടെന്ന് നോക്കിയിരുന്നില്ല. ബാങ്കിൽവെച്ച് അധിക നോട്ടുകൾ കെട്ടുകളിൽനിന്ന് നീക്കംചെയ്യും. ചിലർ യഥാർത്ഥത്തിൽ എണ്ണിയതിനേക്കാൾ കുറവ് സംഭാവന തുക മനപ്പൂർവ്വം രേഖപ്പെടുത്തി, വലിയ തുകകൾ അപ്രത്യക്ഷമാകാൻ ഇടയാക്കി. ഒരു സംഭാവന പെട്ടിയിൽ സാധാരണയായി 6-7 ലക്ഷം രൂപ ഉണ്ടാകും, എന്നാൽ ഏതാനും ആഴ്ചകളായി 500 രൂപ നോട്ടുകളുടെ കെട്ടുകളിലും കുറവുകണ്ടെത്തി. മോഷ്ടിച്ചെടുത്ത പണം ക്ഷേത്രസമുച്ചയത്തിൽ ജീവനക്കാരുടെ ബാത്ത്റൂമുകളിലോ അലമാരകളിലോ ഒളിപ്പിച്ചുവെച്ചതായും, പിന്നീട് അവസരം കിട്ടിയപ്പോൾ ക്ഷേത്ര പരിസരത്തുനിന്ന് കടത്തിയതായും മഹിപാൽ ആരോപിക്കുന്നു. മോഷ്ടിച്ച പണം മറ്റൊരു സ്ഥലത്തുവെച്ച് പങ്കാളികൾ വീതിച്ചെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാർ കൗണ്ടിംഗ് ജീവനക്കാരുമായി കൂട്ടുചേർന്നതിന് താൻ സാക്ഷിയാണെന്നും മഹിപാൽ പറഞ്ഞു.
ക്ഷേത്രത്തിൽ, പ്രത്യേകിച്ച് കൗണ്ടിംഗ് പ്രക്രിയയുടെ, എല്ലാ നീക്കങ്ങളുടെയും നിരീക്ഷണ ദൃശ്യങ്ങൾ വളരെക്കാലമായി മായിച്ചുകളഞ്ഞതായും മഹിപാൽ ആരോപിച്ചു. ഇതുവരെയുള്ള വെളിപ്പെടുത്തലുകൾ പ്രകാരം, കൗണ്ടിംഗ് പ്രക്രിയയിൽ ഏർപ്പെട്ട ഒരു ജീവനക്കാരൻ സിസിടിവി ക്യാമറയ്ക്ക് മുന്നിൽനിന്ന് അത് മറയ്ക്കും. അതേസമയം ഒരു കൂട്ടാളി കെട്ടുകളിൽനിന്ന് പണം മോഷ്ടിച്ച് വസ്ത്രത്തിൽ ഒളിപ്പിക്കും.
റിപ്പോർട്ടുകൾ പ്രകാരം കൊള്ളയടിച്ച മൊത്തം തുക കുറച്ച് ലക്ഷങ്ങൾ മുതൽ 1,400 കോടി രൂപവരെയാണ്. മറ്റൊരു റിപ്പോർട്ട് പറയുന്നത് 2024 ജനുവരിയിൽ ക്ഷേത്രം തുറന്നതുമുതൽ 3,500 കോടി രൂപ പണമായും സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വേറെയും ലഭിച്ചുവെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ എത്ര തുക തട്ടിയെടുത്തുവെന്ന് പുറത്തുവരുമോ എന്ന് ആർക്കും അറിയില്ല.
പണത്തിന് പുറമെ, ഭക്തർ സംഭാവന ചെയ്ത സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ എന്നിവ രഹസ്യമായി മാറ്റിയതായും ആരോപണമുണ്ട്. ഇന്ത്യൻ ബുള്ളിയിന് ആന്റ് ജൂവലേഴ്സ് അസ്സോസിയേഷനിലെ അനുരാഗ് രസ്തോഗി ക്ഷേത്രത്തിന് സംഭാവന ചെയ്ത വെള്ളിയിലെ ഇഷ്ടികകളും മറ്റ് വസ്തുക്കളും കണ്ടെത്താനായില്ലെന്ന് അവകാശപ്പെട്ടു. മറ്റൊരു വ്യവസായി തന്റെ വെള്ളി സംഭാവനയ്ക്ക് രസീത് ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽനിന്ന് ഇങ്ങനെയാണ് കോടികളുടെ പണം തട്ടിയെടുത്തത്. ആറുമാസത്തിനുള്ളിൽ പല തട്ടിപ്പുകാരും കോടീശ്വരന്മാരായി. ഒരു ബാങ്കിന്റെ ഔട്ട്സോഴ്സിംഗ് ടീമിൽ ജോലി ചെയ്തിരുന്ന അനുകൽപ് മിശ്ര ഏകദേശം മൂന്നുവർഷം മുമ്പാണ് ക്ഷേത്രത്തിന്റെ സംഭാവന കൗണ്ടിംഗ് ടീമിൽ ചേർന്നത്. താമസിയാതെ ബാങ്കിന്റെ ഔട്ട്സോഴ്സിംഗ് ഏജൻസി വഴി തന്റെ ഭാര്യാസഹോദരൻ ലവ്കുഷ് മിശ്രയെയും അതേ ടീമിൽ നിയമിച്ചു. അനുകൽപ് മിശ്ര ചുരുങ്ങിയ സമയം കൊണ്ട് ഒരു ഫാംഹൗസ്, അയോധ്യയിൽ ഏകദേശം 65 ലക്ഷം രൂപ വിലവരുന്ന വീട്, ഒരു സ്കോർപിയോ എസ് യുവി ഉള്പ്പെടെയുള്ള വാഹനങ്ങള് എന്നിവ സംഘടിപ്പിച്ചു. പ്രതിമാസം കേവലം 18,000 രൂപ സമ്പാദിക്കുന്ന ലവ്കുഷിന്റെ കൈവശം പണമായി 10 ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
സംഭാവനയായി ലഭിച്ച ആഭരണങ്ങൾ കൈകാര്യം ചെയ്ത കെ.ഡി.തിവാരി ഏകദേശം 5 കോടി വരുന്ന സ്വത്തുക്കളുടെ ഉടമയാണെന്ന് ആരോപിക്കപ്പെടുന്നു. അങ്ങനെ പോകുന്നു കൊള്ള മുതൽ പങ്കുവെച്ചതിന്റെ കഥകൾ. എസ്ഐറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ, കൗണ്ടിംഗ് പ്രക്രിയയിൽ ഏർപ്പെട്ട ചില ഉദ്യോഗസ്ഥർ നന്നായി ആസൂത്രണം ചെയ്ത മോഷണമാണ് നടന്നിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇത് വ്യക്തമാണെന്ന് പിന്നീട് ഫയൽ ചെയ്ത എഫ് ഐ ആറും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അവിനാഷ് ശുക്ല, അനുകുൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവർക്കെതിരെ സമ്മാനങ്ങൾ/സംഭാവനകൾ മോഷ്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തു.
“ഞാൻ കളവു നടത്തില്ല അതിനാരെയും അനുവദിക്കുകയുമില്ല” ഇതായിരുന്നല്ലോ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോൾ നൽകിയ ഉറപ്പ്. സ്വന്തം പാർട്ടിസ്വത്തിന്റെ കാര്യത്തിലെങ്കിലും അതു പാലിക്കാൻ കഴിയുമോ എന്നാണിപ്പോൾ ജനങ്ങൾ നോക്കുന്നത്. രാമന്റെ പേരിൽ സാധാരണ ഹിന്ദുക്കളുടെ ചോരതിളപ്പിച്ച് പള്ളി പൊളിച്ച് നിർമ്മിച്ച അയോധ്യയിലെ രാംമന്ദിറിന്റെ സമ്പത്തെല്ലാം സംഘപരിവാർ നേതാക്കളുൾപ്പടെയുള്ളവർ കൊള്ളയടിക്കുന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നുവരുമ്പോൾ തിരഞ്ഞെടുപ്പു ചെലവിനായി കേന്ദ്രനേതൃത്വത്തിൽ നിന്നു വരുന്ന കനത്ത സംഭാവനക്കിഴികളിലാണ് ബിജെപി കേരളഘടകത്തിന് കണ്ണ്. തിരഞ്ഞെടുപ്പു ചെലവുകളെ കുറിച്ചുള്ള ഓഡിറ്റിംഗും കണക്കു സമർപ്പണവുമെല്ലാം കഴിഞ്ഞപ്പോഴാണ് ഫണ്ടു കൈകാര്യംചെയ്ത ചിലർ ഒറ്റയടിക്ക് ലോൺ അടച്ചുതീർത്തതിനെയും ആഡംബരവാഹനം വാങ്ങിയതിനെയും പറ്റിയുള്ള മുറുമുറുപ്പുകൾ പിന്നിൽ നിന്നുയരുന്നത്. പ്രചാരണത്തിന് കൊടിയും മറ്റു സാമഗ്രികളും വാങ്ങിയ കരാറിലും ലക്ഷങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് വാർത്തകൾ. ഫണ്ട് അടിച്ചുമാറ്റുക എന്ന ആരോപണം ബിജെപി നേതൃത്വത്തിനെതിരെ ഉയരുന്നത് ആദ്യമായല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് കൊടകര കുഴൽപ്പണക്കേസ് ഉയർന്നു വന്നതും അത് ആവിയായിപ്പോയതിനുപിന്നിലെ ഡീലുകളും ഓർമ്മപ്പെടുത്തുന്നു ഇപ്പോഴത്തെ വാർത്തകൾ. ‘വ്യത്യസ്തമായ പാർട്ടി’യുടെ സംസ്ഥാന സമിതിയുടെ വ്യാജലെറ്റർ പാഡിൽ ചിലരെ പുറത്താക്കിയ വാർത്തകളും ഇതോടൊപ്പം വരുന്നു.
തിരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബിജെപിക്ക് ആയിരക്കണക്കിനു കോടി രൂപ കോർപ്പറേറ്റുകളിൽ നിന്നു ലഭിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനായാലും ഇല്ലെങ്കിലും അതു കുത്തിയൊഴുക്കിയാണ് പ്രചാരണം. അതിന്റെ ഒരു ഭാഗം തങ്ങളെടുത്താൽ ആർക്കാണു ചേതം എന്നാണു ചില നേതാക്കളുടെ സംശയം.
രാമക്ഷേത്രക്കൊള്ളയും തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമെല്ലാം ബിജെപിയുടെ യഥാര്ത്ഥമുഖമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
