കേരളത്തിന്റെ വികസനത്തിന്റെ നെടുംതൂണായി, മുന് എൽഡിഎഫ് സർക്കാരും ഇപ്പോഴത്തെ യുഡിഎഫ് സർക്കാരും മാധ്യമങ്ങളും മുതലാളിത്ത സാമ്പത്തിക വിശാരദന്മാരുമൊക്കെ ഉയർത്തിക്കാണിക്കുന്ന ഒന്നാണ് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദ്ധതി. തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും ഏറ്റെടുത്തിരിക്കുന്ന അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോണിന്റെ 49% ഓഹരികൾ, സ്വിറ്റ്സർലന്റ് ആസ്ഥാനമായ, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കോർപ്പറേഷൻ (എംഎസ്സി) 13,220 കോടി രൂപക്ക് വാങ്ങിയിരിക്കുന്നു.
തുറമുഖ നിക്ഷേപങ്ങൾക്കായുള്ള എംഎസ്സിയുടെ ഉപകമ്പനി, ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) വഴിയാണ് ഇടപാട്. എന്നാൽ 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ, ഈയൊരു വമ്പൻ ഇടപാട് സർക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് സർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കുന്നത്. സർക്കാരിന്റെ പ്രതിഷേധം അദാനിയെ അറിയിക്കുമത്രേ. കരാർ വ്യവസ്ഥകളുടെയും സംസ്ഥാന താത്പര്യത്തിന്റെയും പച്ചയായ ലംഘനമുണ്ടായിട്ടും അതിൽ കർശന നിലപാടെടുക്കാൻ സർക്കാർ മടിക്കുന്നതായാണ് കാണാനാവുന്നത്. പകരം, ഈ സാമ്പത്തിക ഇടപാടിലൂടെ സംസ്ഥാനത്തിനെന്തോ ഗംഭീര നേട്ടം ഉണ്ടാകുന്നതായി മാധ്യമങ്ങളും മുതലാളിത്തപക്ഷവും കൊട്ടിഘോഷിക്കുന്നു. മുഖ്യപ്രതിപക്ഷമായ സിപിഐ(എം)നുള്ളിലും ഇതു സംബന്ധിച്ച് നിലപാടെടുക്കുന്നതിൽ ചേരിതിരിവുണ്ടാകുന്നു. ജനം ആശയക്കുഴപ്പത്തിലാകുന്നു. അതുകൊണ്ടുതന്നെ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഈ ഇടപാടിനെ കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്.
വികസനകുതിച്ചുചാട്ടമോ വഞ്ചനയോ?
830 ലേറെ ചരക്കുകപ്പലുകൾ ഉൾപ്പെടുന്ന, ലോകത്തെ ഏറ്റവും വിപുലമായ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി, തുറമുഖ ടെർമിനൽ നടത്തിപ്പിനും നിക്ഷേപത്തിനുമായിട്ടാണ് ടിഐഎൽ രൂപീകരിച്ചിട്ടുള്ളത്. ലോകത്തെ പല തുറമുഖങ്ങളിലും അവർക്ക് ടെർമിനലുകളുണ്ട്. എംഎസ്സിയുടെ കടന്നുവരവ് എന്തോ പുതിയ കാര്യമായും വികസനകുതിച്ചുചാട്ടമായും വൻനേട്ടമായുമൊക്കെയാണ് മാധ്യമങ്ങളടക്കം അവതരിപ്പിക്കുന്നത്. എന്നാൽ അദാനിയുടെ ദീർഘകാലപങ്കാളിയാണ് എംഎസ്സി. വിഴിഞ്ഞത്തുതന്നെ നിലവിൽ അടുക്കുന്ന കപ്പലുകളിൽ ഭൂരിഭാഗവും എംഎസ്സിയുടേതാണ് എന്നതല്ലേ യാഥാർത്ഥ്യം. ടിഐഎൽ മുതൽമുടക്കുന്ന അദാനിയുടെതന്നെ ആദ്യതുറമുഖവുമല്ല വിഴിഞ്ഞത്തേത്. അദാനിയുടെ ഏറ്റവും പ്രധാന തുറമുഖമായ മുന്ദ്രയിൽ 2013ൽ തന്നെ എംഎസ്സി നിക്ഷേപം നടത്തിയിട്ടുണ്ട്. അദാനിയുടെ നിയന്ത്രണത്തിലുള്ള തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്തിൽ 2023ൽ സമാനമായി 49% ഓഹരി അവർ വാങ്ങിയിട്ടുണ്ട്. കൂടുതൽ സാധ്യതകളുള്ള വിഴിഞ്ഞത്തേക്ക് എത്തുമ്പോൾ ഓഹരിവിൽപ്പനയുടെ മൂല്യം നാളിതുവരെയുള്ളതിൽ ഏറ്റവും വലുതായി മാറി എന്നു മാത്രം. കുത്തകവൽക്കരണ ത്തിനായി പരസ്പരം സഹകരിക്കുന്ന രണ്ട് കോർപ്പറേറ്റുകളുടെ സ്വാഭാവികമായ പ്രവർത്തനം മാത്രമാണിത്. കേരളമെന്ന സംസ്ഥാനത്തിന്റെയോ, അവിടത്തെ ജനങ്ങളുടെയോ താത്പര്യങ്ങളൊന്നും ഈ കമ്പനികൾക്കുമുന്നിൽ ഒരിക്കലും ഒരു വിഷയമേ അല്ല എന്നും, അവർക്ക് അവരുടെ പരമാവധി ലാഭം എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്നും നാം മനസ്സിലാക്കണം. അതിനു മുന്നിൽ നിയമങ്ങളോ, നിയമപരമായ ഉത്തരവാദിത്തങ്ങളോപോലും അവർക്ക് വിഷയമല്ല. കേരളവുമായുള്ള കരാർ ലംഘിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അനുമതി തേടാതെയുള്ള ഈ ഇടപാടുതന്നെ ഉദാഹരണം.
മറ്റൊരു ഉദാഹരണം ഇനി പറയാം. കേരളതീരത്ത് കഴിഞ്ഞ വർഷം മുങ്ങിയ കപ്പൽ എൽസ, എംഎസ്സിയുടേതാണ്. പ്ലാസ്റ്റിക് പെല്ലറ്റുകൾ അടക്കമുള്ള അതിലെ ചരക്കുകൾ കടലിൽ മുങ്ങുകയും പലതും തീരത്തടുക്കുകയും ഗുരുതരമായ പരിസ്ഥിതിനാശം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അപകടകരമായ വസ്തുക്കൾവരെ ചരക്കുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിന്റെ ബുദ്ധിമുട്ടുകൾ ഇനിയും മാറിയിട്ടുമില്ല. എന്നാൽ ഇതിനോട് ആ കമ്പനിയെടുത്ത നിരുത്തരവാദ സമീപനം മറക്കാറായിട്ടില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച, കേന്ദ്ര ഷിപ്പിങ്ങ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽനിന്നും മനസ്സിലായത്, കപ്പലിന്റെ പരിപാലനത്തിൽ കമ്പനി ഗുരുതരമായ വീഴ്ചകൾ വരുത്തിയിരുന്നു എന്നാണ്. കപ്പലിലെ ജീവനക്കാർക്ക് മതിയായ പരിശീലനമോ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളോ ഉണ്ടായിരുന്നില്ല. മുൻയാത്രകളിൽതന്നെ കപ്പലിന്റെ ചരിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും, കപ്പലിന് കൃത്യമായ അറ്റകുറ്റപ്പണികളൊന്നുംതന്നെ നടത്തിയില്ല. അതായത്, തങ്ങളുടെ ലാഭത്തിനുമാത്രം പ്രാധാന്യം നൽകിയ കമ്പനി, ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു. അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് കേരളത്തിന്റെ തീരമാണ്. ശുചീകരണത്തിനായി ചെലവഴിച്ചതും പൊതുപണമാണ്. എന്നിട്ടും ഇപ്പോഴും നഷ്ടപരിഹാരം നൽകാൻ മടിക്കുകയാണ് എംഎസ്സി. ഈ അനുഭവം മുന്നിൽ നിൽക്കുമ്പോഴാണ്, ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് എംഎസ്സിയുടെ വാഴ്ത്തുപാട്ടുകൾ അന്തരീക്ഷത്തിൽ നിറയ്ക്കുന്നത്.
വിഴിഞ്ഞം പദ്ധതി
ഇനി വിഴിഞ്ഞം പദ്ധതി നമുക്കൊന്ന് പരിശോധിക്കാം. അദാനിയുടെ സ്വകാര്യസ്വത്തല്ല വിഴിഞ്ഞം തുറമുഖം എന്നത് ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കേണ്ടതുണ്ട്. അത് പൂർണമായും പൊതുസ്വത്താണ്. വിഴിഞ്ഞം കരാർ അദാനിയിലേക്ക് എത്തിയതും ഇക്കഴിഞ്ഞ വർഷങ്ങളിൽ കരാറിലുണ്ടായ ലംഘനങ്ങളും അദാനിക്ക് അനുകൂലമായ മാറ്റങ്ങളും, വികസനത്തിന്റെ മറയിൽ എങ്ങനെയാണ് പൊതുസ്വത്ത് ഒരു സ്വകാര്യമുതലാളിയുടെ കൈയിലേക്ക് കൊടുക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്. ഇതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും മാറിമാറി ഇവിടെ ഭരിക്കുന്ന യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടാണ്. 1000 ദിവസത്തിനുള്ളിൽ ഒന്നാംഘട്ടം പണി പൂർത്തിയായില്ല എങ്കിൽ ഓരോ ദിവസവും കേരള സർക്കാരിന് 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത അദാനിക്കുണ്ടായിരുന്നു. ഇതുപ്രകാരം 911 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു പിണറായി വിജയൻ സർക്കാർ ആദ്യം നിലപാടെടുത്തത്. പക്ഷേ, ഓരോ കാരണങ്ങൾ പറഞ്ഞ് പണി അനന്തമായി നീണ്ടതിനെ ന്യായീകരിച്ചതും കരാറിൽ ഇളവുചെയ്തതും പിന്നീട് അതേ പിണറായി വിജയൻ സർക്കാരാണ്. മാത്രവുമല്ല, ഒന്നാംഘട്ടം പോലും പൂർത്തിയാവുന്നതിനു മുന്നേ, അദാനിക്കുതന്നെ തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നടപ്പാക്കലിനുള്ള കരാർ നൽകി, അവർക്ക് തുറമുഖത്തിനുമേലേയുള്ള അവകാശം 65 വർഷത്തേക്ക് ദീർഘിപ്പിച്ചതും പിണറായി സർക്കാരാണ്. ഇപ്പോൾ യുഡിഎഫ് അധികാരത്തിലെത്തുമ്പോഴും അദാനിയുടെ താത്പര്യത്തിനുതന്നെയാണ് മുൻഗണന. സംസ്ഥാന ബജറ്റിൽപോലും ഇത് വ്യക്തമാണ്. അദാനി നഗ്നമായി കരാർ ലംഘിക്കുമ്പോഴും ചോദ്യം ചെയ്യാനും തടയാനും സർക്കാരിന് മുട്ടിടിക്കുന്നത് എന്തുകൊണ്ടാണ്?
ഇനി പദ്ധതിയിലേക്കുവരാം. ഇപ്പോൾ ടിഐഎല്ലിനു വിൽക്കുന്നത് വിഴിഞ്ഞത്തിന്റെ നടത്തിപ്പിനായി അദാനി രൂപീകരിച്ച പ്രത്യേക കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ്. അതായത്, ഈ ഇടപാടിലെ ഒരു രൂപപോലും വിഴിഞ്ഞം പദ്ധതിയിലേക്ക് നേരിട്ട് മുതൽമുടക്കുന്നതല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥതയും അനുബന്ധപ്രവർത്തനങ്ങളുടെ ചുമതലയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന കേരള സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്. തുറമുഖത്തിന്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനനിർവഹണം, സാമ്പത്തികനിക്ഷേപം എന്നിവ നിർദ്ദിഷ്ട കാലയളവിൽ നിർവഹിച്ച് കേരള സർക്കാരിന് തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തമാണ് അദാനി കമ്പനിയിൽ നിക്ഷിപ്തമായിട്ടുള്ളത്. പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ്, പാരിസ്ഥിതിക അനുമതിക്കായുള്ള പ്രവർത്തനം, കേന്ദ്രസർക്കാരിൽനിന്നും സംസ്ഥാനത്തിന്റെ ഗ്യാരന്റിയിൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നേടിയെടുക്കുക, വൈദ്യുതി, വെള്ളം, റെയിൽ-റോഡ് കണക്ടിവിറ്റി തുടങ്ങിയവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയാണ്.
വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി സംസ്ഥാന സർക്കാർ ഇതിനോടകം 12,159 കോടി രൂപ മുടക്കിക്കഴിഞ്ഞു. (സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി, ഇൻഡ്യൻ എക്സ്പ്രസ്സ് 2025 ഫെബ്രുവരി 12)ഒന്നാം ഘട്ട നിർമ്മാണത്തിനുവേണ്ടി സംസ്ഥാന സർക്കാർ മുടക്കുന്നത് 61.5% തുകയായ 5370.86 കോടി രൂപ. (ഇതിനു പുറമെ തുറമുഖ വികസനത്തിനുവേണ്ടി 7000 കോടി രൂപ സംസ്ഥാന സർക്കാർ മുടക്കിക്കഴിഞ്ഞു). അദാനി 2497 കോടി രൂപ. കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി 818 കോടി രൂപ. പദ്ധതിയുടെ 61.5% മുതൽ മുടക്കുന്ന സംസ്ഥാന സർക്കാരിന് 2034 മുതൽ എല്ലാ ചെലവും കഴിഞ്ഞുള്ള വരുമാനത്തിന്റെ ഒരു ശതമാനം ലഭിക്കും. വർഷംതോറും ഒരു ശതമാനം വീതം അത് വർദ്ധിക്കുമത്രേ! എന്നാൽ 27.8 ശതമാനം മുതൽ മുടക്കുന്ന അദാനിക്ക് വരുമാനത്തിന്റെ 99 ശതമാനം ലഭിക്കും.
അതായത്, പദ്ധതിക്കുവേണ്ട മുതൽമുടക്കിന്റെ സിംഹഭാഗവും കേരളത്തിന്റെ പൊതുഖജനാവിലെ പണമാണ്. നേരിട്ടല്ലാതെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് സംസ്ഥാനം നടത്തിയ നിക്ഷേപങ്ങളോ, നിർമ്മാണങ്ങളോ, മുൻസർക്കാരുകളും നിലവിലെ സർക്കാരുകളും വിഴിഞ്ഞത്തിന് അനുബന്ധമായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളോ, മറ്റ് പശ്ചാത്തലസൗകര്യങ്ങളോ, ഇതിൽ ഉൾപ്പെടുന്നില്ല. തീരവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പദ്ധതിമൂലവും, നിർമ്മാണപ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതംമൂലവും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ ഇതിൽ വരുന്നില്ല. വിഴിഞ്ഞത്തു വന്നുപോയ എംഎസ്സിയുടെ അടക്കം രണ്ട് കപ്പലുകൾക്ക് കേരള തീരത്തുവച്ചുണ്ടായ അപകടങ്ങൾ വരുത്തിവെച്ച ചെലവുകളോ നഷ്ടമോ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അതെല്ലാം പൊതുഖജനാവിന്റെ അക്കൗണ്ടിൽ. എന്നാൽ ഇതടക്കമുള്ള കാര്യങ്ങളിലൂടെയാണ് പദ്ധതിയുടെ ആകെമൂല്യം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ആ മൂല്യവർധനവിനെയാണ് ഇപ്പോൾ അദാനി സമർത്ഥമായി വിറ്റഴിച്ചിരിക്കുന്നത്. അതുകൊണ്ട്, വിഴിഞ്ഞം എന്നത് അദാനിയുടെ ഔദാര്യം കൊണ്ടോ സവിശേഷമായ കഴിവുകൊണ്ടോ നിക്ഷേപംകൊണ്ടോ ഉണ്ടാക്കിയെടുത്ത ഒരു വികസനമല്ല എന്നും, അത് നാമോരോരുത്തരുടെയും നികുതിപ്പണം ചെലവഴിച്ചുതന്നെ സൃഷ്ടിച്ച ഒന്നാണെന്നുമുള്ള യാഥാർത്ഥ്യമാണ് നമ്മൾ തിരിച്ചറിയേണ്ടത്.
അതേസമയം, യഥാർത്ഥ ഉടമസ്ഥരായ കേരള സർക്കാരിന്, മുതൽമുടക്കിന് ആനുപാതികമായി യാതൊന്നും പദ്ധതിയിൽ നിന്നും കിട്ടുന്നില്ല എന്നുപറയാം. അദാനിയാകട്ടെ എന്തെങ്കിലും മുടക്കിയിട്ടുണ്ടെങ്കിൽ അതിന്റെ എത്രയോ ഇരട്ടി തിരിച്ചുപിടിക്കുകയും ചെയ്തിരിക്കുന്നു. 2034ൽ കിട്ടുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു ശതമാനം ലാഭവും നോക്കിയിരിക്കുകയാണ് കേരളം. ഉടമസ്ഥത തിരിച്ചുലഭിക്കണമെങ്കിൽ 2065 വരെ കാത്തിരിക്കേണ്ടി വരും. അധികമായി കിട്ടുന്നു എന്നു പറയാവുന്നത്, തുറമുഖം വഴിയുള്ള ജിഎസ്ടിയുടെ വരുമാനമാണ്. കയറ്റിറക്ക് തുറമുഖമല്ല, ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ തുകൊണ്ടുതന്നെ ഇത് വളരെ തുച്ഛമായ തുകയാണെന്ന് കാണാം. കരാറിനും, കേരളസർക്കാരിന്റെ അവകാശങ്ങൾക്കും അദാനി നൽകുന്ന വില എന്താണെന്ന് ഇപ്പോഴത്തെ ഓഹരിവില്പനയിൽ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ട്, 2034ൽ അവർ ലാഭവിഹിതം നൽകുമെന്നോ, 2065ൽ തുറമുഖം തിരികെ നൽകുമെന്നോ പറയുന്നത് എങ്ങനെ വിശ്വസിക്കും?
പൊതുസ്വത്തിനെ മുതലാളിമാരുടെ കീശയിലെത്തിക്കുന്ന വികസനം
ഇങ്ങനെ, പൊതുസ്വത്തായ ഒന്നിനെ ലാഭക്കൊതിമൂത്ത മുതലാളിത്തകുത്തകകളുടെ കാൽക്കീഴിൽ സമർപ്പിക്കുന്നതിനെയാണ് വികസനമെന്നു പറഞ്ഞ്, സിപിഐ(എം)ഉം കോൺഗ്രസ്സും, ബിജെപിയുമടക്കമുള്ള ഭരണകക്ഷികൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നത്. ഇങ്ങനെയുള്ള വികസനത്തിലൂടെ മുതലാളിമാർ വളരുമ്പോൾ ജനത്തിന് അത് തൊഴിലും വരുമാനവും സൃഷ്ടിക്കും, അങ്ങനെ വികസനത്തിന്റെ ഗുണഫലങ്ങൾ ഏവരിലേക്കും അരിച്ചിറങ്ങും എന്നാണ് ഇവർ പറയുന്നത്. പക്ഷേ യാഥാർത്ഥ്യമോ? വിഴിഞ്ഞംതന്നെ എത്ര തൊഴിലുകൾ സൃഷ്ടിച്ചു? കൊട്ടിഘോഷിച്ചപോലെ തൊഴിലുകളൊന്നും, ഈ സമ്പൂർണ്ണ യന്ത്രവൽകൃത തുറമുഖം സൃഷ്ടിച്ചിട്ടില്ല. തന്റെ ലാഭത്തെ ത്യജിച്ച് ആർക്കെങ്കിലും തൊഴിൽ നൽകേണ്ട ബാധ്യത മുതലാളിക്കുണ്ടോ? അപ്പോളതാ മുതലാളിയെ സംരക്ഷിക്കുന്നതിനായി വിഴിഞ്ഞത്തിന് അനുബന്ധമായി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു മുൻസർക്കാർ. ഇനി ആ പുതിയ സാധ്യതകളാവുമത്രേ തൊഴിൽ സൃഷ്ടിക്കുക. വി.ഡി. സതീശനാകട്ടെ, ഒരുപടികൂടികടന്ന്, ബ്ലൂ എക്കോണമി എന്ന കേന്ദ്രത്തിന്റെ പ്രിയപദ്ധതിയും അപൂർവ്വധാതു ഇടനാഴിയും കൂടി വിഴിഞ്ഞവുമായി കൂട്ടിക്കെട്ടി സർക്കാർ ചെലവിൽ നടപ്പാക്കിക്കൊടുക്കാൻ ഒരുങ്ങുകയാണ്. ആത്യന്തികമായി ഇവിടെയും അദാനിയുടെ താത്പര്യവും നിയന്ത്രണവുമാകും നടപ്പാവുക എന്നതിൽ സംശയം വേണ്ട. പ്രത്യേകിച്ചും സമുദ്രത്തിലെ ധാതുസമ്പത്തടക്കം കൊള്ളയടിക്കാനായി ബ്ലൂ എക്കണോമി പദ്ധതി വരുന്നത് കേന്ദ്രസർക്കാരിന് പ്രിയപ്പെട്ട അദാനിയുടെ കൂടി താത്പര്യാർത്ഥമാണെന്നത് വ്യക്തമല്ലേ. തുറമുഖംപോലെതന്നെ, ആഗോളതലത്തിൽ ഖനനമേഖലയിലും പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യമല്ലേ അപൂർവ്വധാതു ഇടനാഴിയിലൂടെയും കടന്നുവരുന്നതും.
അദാനി-എംഎസ്സി ഗൂഢപദ്ധതി
ഇപ്പോഴത്തെ വിഴിഞ്ഞം ഇടപാടിൽ, രണ്ട് കാര്യങ്ങൾ കൂടി നമ്മൾ മനസ്സിലാക്കണം. ഒന്ന്, ഇന്ത്യയിലെ വിഴിഞ്ഞമടക്കമുള്ള നിരവധി തുറമുഖപദ്ധതികൾ ഏറ്റെടുത്തുകൊണ്ട് അദാനി ഈ മേഖലയിലെ കുത്തകയായി വളരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെക്കൊണ്ട് പദ്ധതിച്ചെലവിന്റെ നല്ലൊരു പങ്കും ചെലവഴിപ്പിക്കുവാനും തനിക്ക് അനുകൂലമായ രീതിയിൽ കരാറുകളുണ്ടാക്കാനും അദാനിക്ക് സാധിക്കുന്നു. അങ്ങനെ കൈവശപ്പെടുത്തുന്ന തുറമുഖങ്ങളിൽ, പണി പൂർത്തിയാകുന്നതിനു മുന്നേതന്നെ എംഎസ്സി കപ്പലടുപ്പിക്കുന്നു. എംഎസ്സിയുടെ കപ്പലുകൾ നിരന്തരം വരുന്നതിലൂടെ പദ്ധതി വൻവിജയമായി ചിത്രീകരിക്കുന്നു. തുടർന്ന്, തുറമുഖത്തിന്റെ ഓഹരികളിൽ ഒരു പങ്ക് ടിഐഎൽ വഴി വാങ്ങി എംഎസ്സി അവിടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നു. അദാനിക്കാകട്ടെ, തുറമുഖകമ്പനിയുടെ വിപണിമൂല്യം വർധിക്കുന്നു, മുടക്കിയ മുതൽ തിരിച്ചുകിട്ടുന്നു. ശേഷിക്കുന്ന മുതൽമുടക്കിന് ശക്തരായ പങ്കാളിയെ ലഭിക്കുന്നു. എംഎസ്സിക്കാകട്ടെ, ലോകകമ്പോളത്തിൽ മറ്റ് ഷിപ്പിങ്ങ് കമ്പനികളോട് മത്സരിക്കാൻ, പ്രത്യേകിച്ചും ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, ഉറച്ച അടിത്തറ ഉണ്ടാകുന്നു. എതിരാളികളെ അകറ്റിനിർത്തി കുത്തകയാകാൻ സാധിക്കുന്നു. ഇങ്ങനെ പരസ്പരസഹായ അടിസ്ഥാനത്തിൽ അദാനിയും-എംഎസ്സിയും ചേർന്ന് തയ്യാറാക്കിയ കുത്തകവൽക്കരണ തിരക്കഥയുടെ ഭാഗമാണോ ഇപ്പോഴത്തെ ഡീലും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമാനമായി മുന്ദ്രയിലും എന്നൂരിലും ഇതേ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയല്ലേ? ലോകത്തെ ഷിപ്പിങ്ങിന്റെ 20 ശതമാനവും കൈയാളുന്ന ഏറ്റവും വലിയ കമ്പനിയാണ് എംഎസ്സി. പക്ഷേ, ശേഷിക്കുന്ന 80 ശതമാനവും കൈകാര്യം ചെയ്യുന്ന കമ്പനികളില്ലേ. തുറമുഖത്തിന്റെ ഉടമസ്ഥത എംഎസ്സിയുടേതാണെങ്കിൽ അവിടേക്ക് എതിരാളിയായ മറ്റൊരു കമ്പനിക്ക് കടന്നുവരാൻ താത്പര്യമുണ്ടാകുമോ? പുതിയ ഒരു കമ്പനിക്ക് ഇന്ത്യയുടെ തുറമുഖങ്ങളിലൂടെ കച്ചവടം നടത്തുന്നതും ദുഷ്ക്കരമാവില്ലേ? വിഴിഞ്ഞത്തുതന്നെ എംഎസ്സി അല്ലാതെ ഏതൊക്കെ പ്രമുഖ കമ്പനികളുടെ കപ്പലുകൾ നിലവിൽ എത്തിച്ചേരുന്നുണ്ട്? അതുകൂടി പരിഗണിച്ചല്ലേ, പദ്ധതിയുടെ വിജയവും നിലനിൽപ്പും കണക്കാക്കേണ്ടത്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ സർക്കാരിനോ അദാനിക്കോ ഉണ്ടോ? പൊതുസ്വത്ത് കൊള്ളയടിക്കലാണ് അദാനിയുടെയും എംഎസ്സിയുടെയും ലക്ഷ്യങ്ങളിലൊന്ന് എന്ന് വ്യക്തം. അതിന് സർക്കാർ കൂട്ടുനിൽക്കാൻ പാടുണ്ടോ?
ഇവിടെ, ജനത്തിന് ആകമാനം ഗുണമുണ്ടാകേണ്ട രീതിയിൽ പൊതുമുതൽ ഉപയോഗപ്പെടുത്തേണ്ട സർക്കാർതന്നെ അത് സ്വകാര്യമൂലധനത്തിന് കൈമാറുകയാണ്. ഇത്തരം പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്തം എന്ന പേരിൽ സർക്കാർ നേരിട്ട് പണം മുടക്കുന്നു. പക്ഷേ, ലാഭമെല്ലാം മുതലാളിമാർക്കും നഷ്ടം സർക്കാരിനും. ദേശീയപാത മുതൽ ഏതൊരു പദ്ധതിയിലും ഈ രീതി കാണാം. സ്വകാര്യമേഖലയ്ക്ക് മാത്രമേ കാര്യശേഷിയുള്ളൂ, അവർക്കേ നന്നായി കാര്യങ്ങൾ ചെയ്യാനാകൂ എന്ന ന്യായീകരണമാണ് സ്വകാര്യമൂലധനത്തിന് അനുകൂലമായി ബന്ധപ്പെട്ടവർ മുന്നോട്ടുവെക്കുക. എന്നാൽ സർക്കാർ പിന്തുണ ലഭിച്ച എത്രയോ പൊതുമേഖലാസ്ഥാപനങ്ങൾ വളരെ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്നു. അ വയെ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കാതെ അനാവശ്യനിയന്ത്രണങ്ങളിൽ കുരുക്കിയും, പോരായ്മകൾ മെച്ചപ്പെടുത്തി മികച്ച മാനേജ്മെന്റിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം നിയമനംപോലും നടത്താതെ തളർത്തിയും, നശിപ്പിക്കുന്നത് ഇതേ സർക്കാരുകൾ തന്നെയാണ്. കാരണം, പൊതുമേഖലയെ തളർത്തി സ്വകാര്യമേഖലയെ വളർത്തുന്ന ആഗോളവത്ക്കരണ അജണ്ടയുടെ വിശ്വസ്തനടത്തിപ്പുകാരാണ് ഈ പാർട്ടികളെല്ലാം. ഇതിലൂടെ വളർന്ന സ്വകാര്യകുത്തകകളിൽ നിന്നും തൊഴിലോ, സമ്പത്തോ അരിച്ചിറങ്ങിയില്ല. പകരം, തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും രൂക്ഷമാവുന്നതല്ലേ നാം കാണുന്നത്. മറുവശത്ത് അദാനിയടക്കമുള്ള മുതലാളിമാരുടെ ലാഭം വർധിച്ചുകൊണ്ടേയിരിക്കുന്നു.
പൊതുസ്വത്ത് സ്വകാര്യകുത്തകകളുടെ താത്പര്യങ്ങൾക്കായി തീറെഴുതാൻ പാടില്ല. മാധ്യമങ്ങളും സർക്കാരുകളും എന്തൊക്കെ വാഴ്ത്തിയാലും വിഴിഞ്ഞം തുറമുഖത്തിന്റെ ഈ കച്ചവടം കേരളത്തിന്റെ വിശാലതാത്പര്യത്തിനെതിരാണ്. അതിനെതിരെ സർക്കാരിനെക്കൊണ്ട് ശക്തമായ നിലപാട് എടുപ്പിക്കാനായില്ലെങ്കിൽ കരുത്തുറ്റ ബഹുജന മുന്നേറ്റം അനിവാര്യമായിരിക്കുന്നു.
