ഡെഡിക്കേറ്റഡ് റെയർ എർത്ത് മിനറൽ കോറിഡോർ അഥവാ അപൂർവ്വ ധാതുക്കളുടെ ഇടനാഴി എന്നൊരു പദ്ധതി കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ 2026-27ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ചുവടുപിടിച്ച് 2026-27ലെ പുതുക്കിയ ബജറ്റിൽ യുഡിഎഫ് സർക്കാർ, റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ സ്ഥാപിക്കുമെന്നും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സീഡ് ഫണ്ടായി നീക്കി വെക്കുന്നതായും പ്രഖ്യാപിച്ചു. ധാതുഖനനത്തിന്റെ കേന്ദ്രമായി കൊല്ലത്തെയും ബ്ലു എക്കണോമിയുടെ കേന്ദ്രമായി ആലപ്പുഴയെയും തിരഞ്ഞെടുത്തതായും ബജറ്റ് പ്രഖ്യാപിച്ചു. അങ്ങിനെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ വീണ്ടും കരിമണൽ ഖനനം ചര്ച്ചാ വിഷയമായി ഉയർന്നിരിക്കുകയാണ്.
1922 മുതൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ തീരമണൽ ഖനനം ചെയ്യാൻ ഭരണാധികാരികൾ തീരുമാനിക്കുകയും അതിനെ ജനങ്ങൾ പ്രതിരോധിക്കുകയും ചെയ്തുവരികയാണ്. കരിമണൽ ഖനനത്തിനെതിരെ 2001-04 കാലയളവിൽ ആലപ്പുഴയുടെ തീരത്ത് അതിശക്തമായ ജനകീയ സമരം ഉയർന്നുവരികയും തുടർന്ന് ഖനന തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനമെന്ന വ്യാജ്യേന, നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് കഴിഞ്ഞ 6 വർഷമായി ഇടതുഭരണത്തിൻ കീഴിൽ, തോട്ടപ്പള്ളി പൊഴിമുഖത്തു നിന്ന് ആയിരക്കണക്കിന് ടൺ കരിമണൽ ഖനനം ചെയ്യുകയുണ്ടായി. അതിനെതിരെയും വർഷങ്ങളോളം നീണ്ട ശക്തമായ പ്രതിഷേധം ജനങ്ങൾ സംഘടിപ്പിച്ചു.കോടികളുടെ അഴിമതിപ്പണം ഭരണനേതൃത്വങ്ങളുടെ കൈകളിലേക്ക് ഒഴുക്കിയാണ് ഈ ഖനനം തോട്ടപ്പള്ളിയിൽ നടത്തിയതെന്ന് പുറത്തുവന്നിട്ടുണ്ട്. എങ്ങിനെയും തെക്കൻ തീരത്തെ കരിമണൽ വാരിക്കൊണ്ടുപോകാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഖനന ലോബി ഒരു വശത്തും സ്വന്തം ജീവിതവും കിടപ്പാടവും സംരക്ഷിക്കാൻ നിർദ്ധനരായ മൽസ്യത്തൊഴിലാളികൾ മറുവശത്തുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിലാണ് പുതിയ മിനറൽ കോറിഡോർ പ്രഖ്യാപനം വന്നിട്ടുള്ളത്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അപൂർവ്വ ധാതുക്കളാൽ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ മിനറൽ കോറിഡോർ. ഖനനം, സംസ്കരണം, ആധുനിക ഗവേഷണം, മൂല്യവർദ്ധിത ഉൽപാദനം എന്നിവ ഉൾപ്പെടെ അപൂർവ ധാതു വസ്തുക്കളുടെ എല്ലാ ഘട്ടങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരുകളെ പ്രവർത്തനക്ഷ മമാക്കുന്ന സംവിധാനമാണ് നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ. ധാതു സമ്പത്തിന്റെ ഇടനാഴികളെ ഇന്ത്യൻ റയറർ എർത്ത് ലിമിറ്റഡ് (IREL) എന്ന സ്ഥാപനവുമായി ബന്ധിപ്പിക്കുമെന്നും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്തുകൊണ്ട് വൻതോതിലുള്ള ഖനനവും സംസ്കരണവുമാണ് പദ്ധതിയിലൂടെ ഉണ്ടാകാൻ പോകുന്നത്.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അപൂർവ്വ ധാതുക്കളുടെ പ്രാഥമിക ഉറവിടം വൻതോതിൽ മോണസൈറ്റ് അടങ്ങിയിട്ടുള്ള തീരമണലാണെന്ന് കേന്ദ്ര രേഖ വ്യക്തമാക്കിയിട്ടുണ്ട്. കേരളതീരത്ത് കാണപ്പെടുന്ന ധാതുമണലിനെ നാം പൊതുവിൽ കരിമണൽ എന്നാണ് വിളിക്കാറുള്ളത്. കേരളതീരത്ത് കാണുന്ന അപൂർവ ധാതുക്കളിൽ പ്രധാനപ്പെട്ടത് മോണസൈറ്റാണ്. കൂടാതെ റൂട്ടെയിൽ, സിർക്കോൺ, സിൽമനൈറ്റ്, ഗാർനെറ്റ് എന്നിവയും കാണപ്പെടുന്നു. മോണസൈറ്റ് ശേഖരിക്കലാണ് ഈ മിനറൽ കോറിഡോർ പദ്ധതിയുടെ പ്രാഥമിക നടപടി. അതായത് തീരത്തെ വിഴുങ്ങുന്ന ഭീമമായ ഖനനം നടത്തിക്കൊണ്ടുമാത്രമേ ഈ പദ്ധതി പ്രവർത്തിച്ചുതുടങ്ങൂ.
മൂലധനശക്തികൾ ലക്ഷ്യമിടുന്നത് വലിയൊരു വ്യാപാര സാദ്ധ്യതയാണ്. സാധാരണ ഇരുമ്പ് അധിഷ്ഠിത കാന്തങ്ങളേക്കാൾ 20 മടങ്ങോളം ശക്തിയേറിയവയാണ് അപൂർവ്വ ധാതുനിർമ്മിത സ്ഥിരകാന്തങ്ങൾ. ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, യുദ്ധോപകരണങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, സെൻസറുകൾ ഇവയുടെ നിർമ്മാണത്തിന് ഫലപ്രദമായ ഈ അപൂർവ്വധാതുനിർമ്മിത സ്ഥിരകാന്തങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിനുവേണ്ടിയാണ് മോണസൈറ്റ് ഖനനത്തിനായി കോർപ്പറേറ്റ് ശക്തികൾ കരുക്കൾ നീക്കുന്നത്. അപൂർവ്വ ലോഹങ്ങളുടെ വൻതോതിൽ വർദ്ധിച്ചുവരുന്ന ഉപയോഗവും ഇത്തരം വിഭവങ്ങൾ തേടി പരക്കംപായാൻ കോർപ്പറേറ്റ് മൂലധനത്തെ പ്രേരിപ്പിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽവേണം കേന്ദ്രഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഡെഡിക്കേറ്റഡ് റെയർ എർത്ത് മിനറൽ കോറിഡോറിനെ നോക്കികാണേണ്ടത്.
2025 നവംബറിൽ അപൂർവ്വ ധാതു നിർമ്മിത സ്ഥിര കാന്തങ്ങളുടെ ഉൽപാദന പദ്ധതിക്കായി 7280 കോടി രൂപ മാറ്റിവച്ചു. പ്രതിവർഷം 6000 മെട്രിക് ടൺ ഉത്പാദനം നിശ്ചയിച്ചു. അടുത്ത അഞ്ചു വർഷത്തേക്ക് 6450 കോടി രൂപയുടെ വിൽപനാധിഷ്ഠിത പ്രോത്സാഹനം പ്രഖ്യാപിച്ചു. 750 കോടി രൂപയുടെ മൂലധന സബ്സിഡി ആധുനിക സൗകര്യങ്ങൾ ഉണ്ടാക്കാൻ നല്കി. എത്രയോ ഭീമമായ ഖനനത്തിനായാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
മിനറൽ കോറിഡോർ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അതിനു മുമ്പിൽ വിഘ്നങ്ങളായിരുന്ന രാജ്യസുരക്ഷയക്ക് അനിവാര്യമായിരുന്ന നിയമങ്ങൾ ഭേദഗതി ചെയ്തു. ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന 1957ലെ ഖനനം സംബന്ധിച്ച നിയമം (ഖനികൾ, ഖനനം, വികസനം,നിയന്ത്രണങ്ങൾ) ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ, ദേശീയ സുരക്ഷ എന്നിവയുടെ പേരിൽ 2023ൽ ഭേദഗതി ചെയ്തു. അപൂർവധാതുക്കൾ കണ്ടെത്താനും അവ ഖനനം ചെയ്യാനുമുള്ള വകുപ്പാണ് അതിൽ പുതുതായി ചേർത്തത്. അതിന്റെ ഭാഗമായി 12 അറ്റോമിക് ധാതുക്കളുടെ പട്ടികയിൽ നിന്നും ലിഥിയം, ബെറീലിയം നിയോബിയം, ടൈറ്റാനിയം, ടന്റാലം, സിർക്കോണിയം എന്നീ ആറു ധാതുക്കളെ ഒഴിവാക്കിയതോടെ അവയുടെ ഖനനത്തിനുമേലുണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ഗവൺമെന്റ് ഏജൻസികൾ നടത്തിയിരുന്ന ഖനന പ്രവർത്തനമേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറക്കുകയും ചെയ്തു.
ഈ ധാതു നിക്ഷേപങ്ങൾ ലേലം ചെയ്യുവാനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമാക്കി. സംസ്ഥാനങ്ങൾക്ക് അവയുടെ മേൽ പ്രത്യേക അവകാശങ്ങൾ ഇല്ലാതായി. അതിനുപകരം ബഹിരാകാശം, ഇലക്ട്രോണിക്സ്, ഊർജ്ജോല്പാദനം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുവാൻ സംസ്ഥാനങ്ങൾക്ക് വേണ്ട പണം ഇതിൽനിന്ന് നൽകാമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.
പര്യവേഷണ ലൈസൻസ് എന്ന ഒരു പുതിയ വ്യവസ്ഥ ഖനന മേഖലയിൽ കൊണ്ടുവന്നതും മിനറൽ കോറിഡോർ പദ്ധതിക്കുവേണ്ടിയുള്ള മുന്നൊരുക്കമെന്ന നിലയിലാണ്. സ്വർണ്ണം, പ്ലാറ്റിനം, മറ്റ് അപൂർവ ധാതുക്കൾ തുടങ്ങി ആഴത്തിലുള്ളതും ഖനനം ചെയ്യാൻ പ്രയാസമുള്ളതുമായ വസ്തുക്കൾ കണ്ടെത്തുന്നതിനാണ് ലൈസൻസ് ഏർപ്പെടുത്തിയത്. ഇവിടെ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിനും വഴിയൊരുക്കിയിരിക്കുന്നു. അനുകൂലമായ നിയമ അന്തരീക്ഷം സൃഷ്ടിക്കുക, കണ്ടെത്തിയ മേഖലകൾ മറ്റു ഖനന കമ്പനികൾക്ക് വിട്ടുകൊടുക്കുക (റിവേഴ്സ് ബിഡ്ഡിംഗ്), ഇറക്കുമതിയുടെ സ്വാധീനം കുറയ്ക്കുക എന്നിവയാണ് ഈ നിയമനിർമാണത്തിന്റെ ഒരു ലക്ഷ്യം. ഇലക്ട്രോണിക്സിലും ശുദ്ധ ഊർജ്ജ ഉൽപാദനത്തിലും പരമ്പരാഗത മേഖലക്കും ഈ ധാതുക്കൾ ഉപയോഗിക്കുക, സ്വകാര്യമേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കുക, ഉയർന്ന സാങ്കേതികവിദ്യയുംപരിജ്ഞാനവും ദ്രുതഗതിയിലുള്ള പര്യവേഷണവും ഖനനവും നിർണ്ണായക ധാതുക്കളുടെകാര്യത്തിൽ കൈവരിക്കുക തുടങ്ങിയവയും ലക്ഷ്യമായി പറയുന്നു. ഈ നിയമം 2023 ഓഗസ്റ്റ് 9ന് അസാധാരണ ഗസറ്റ് വഴിയാണ് പ്രസിദ്ധം ചെയ്തത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഖനന മന്ത്രാലയം ദേശീയ നിർണായക ധാതുമണൽ മിഷൻ (നാഷണൽ റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ-NCMN) 2025ൽ രൂപം നല്കിയിരിക്കുന്നത്.
ഇന്ന് ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്നത് ചൈനയാണ്. ചൈനയുടെ അപ്രമാദിത്വം കുറയ്ക്കുവാനും ഇന്ത്യയുടെ സ്വയം പര്യാപ്തത ഉറപ്പിക്കാനുമാണ് ഈ പദ്ധതി എന്നാണ് സർക്കാർ വ്യാഖ്യാനം. ചൈനയോട് മൽസരിച്ച് വിപണി പിടിക്കാനുള്ള ഇൻഡ്യൻ കുത്തകകളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് സർക്കാരുകളുടെ യഥാർത്ഥ ലക്ഷ്യം. ഈ ധാതുക്കൾ രാജ്യത്തിനകത്തും വിദേശത്തും ഖനനം ചെയ്യുവാനും അസംസ്കൃത വസ്തുക്കൾ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനും സംസ്കരിക്കപ്പെട്ട വസ്തുക്കൾ വിദേശ കമ്പോളത്തിൽ വിറ്റഴിക്കാനുമാണ് വൻകിട മുലധന ശക്തികൾ ശ്രമിക്കുന്നത്.
കരിമണൽ ഖനനം ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർത്തു
നമ്മുടെ തീരത്തുള്ള കരിമണൽ പാഴായിപ്പോവുകയാണെന്നും വളരെ ഉയർന്ന മൂല്യമുള്ള ഈ ധാതുനിക്ഷേപത്തെ ഉപയോഗപ്പെടുത്തിയാൽ സംസ്ഥാനവും തദ്വാര രാജ്യവും അഭിവൃദ്ധിപ്പെടുമെന്നാണല്ലോ ഖനന ലോബി വാദിക്കുന്നത്. അറബ് രാജ്യങ്ങൾക്കു പെട്രോൾ പോലെയാണത്രേ നമുക്ക് കരിമണൽ. പുരോഗതിയുടെയും വികസനത്തിന്റെയും ഇതേ കഥകൾ അവതരിപ്പിച്ചുകൊണ്ടാണല്ലോ കൊല്ലം തീരത്ത് ഖനനം ആരംഭിച്ചത്. കോടികളുടെ സമ്പത്ത് പലരും നേടി. ശശിധരൻ കർത്തമാർ നൂറും ഇരുനൂറും കോടികൾ മാസപ്പടി നൽകുന്നവരായി മാറി. എന്നാൽ ആലപ്പാട്ടെയോ വെള്ളനാതുരുത്തിലെയോ തോട്ടപ്പള്ളിയിലെയോ മൽസ്യത്തൊഴിലാളികളായ ദരിദ്ര മനുഷ്യരുടെ ജീവിതത്തിൽ എന്ത് പുരോഗതിയായാണ് ഖനനം സൃഷ്ടിച്ചത്. സ്വന്തം തീരവും ജീവനോപാധിയും നഷ്ടപ്പെട്ട് അലയാൻ വിധിക്കപ്പെട്ട നൂറുകണക്കിന് മൽസ്യത്തൊഴിലാളികളെയാണ് തെക്കൻ തീരത്ത് ഖനനം സൃഷ്ടിച്ചത്.
കേരളത്തിന്റെ അതീവ ദുർബലമായതീരത്ത് എവിടെയും ഖനനം നടത്താൻ പറ്റില്ലെന്ന് കേരളത്തിന്റെ തീരഘടന പഠിച്ചിട്ടുള്ളവർക്കറിയാം. ലോകത്തിലെ സവിശേഷമായ ഒരു നിക്ഷേപപ്രക്രിയയാണ് (Sediment Budget) കേരള തീരത്തിനുള്ളത്. ഇതനുസരിച്ചുള്ള തീരപോഷണവും തീരശോഷണവും ചാക്രികമായി നടക്കുന്നതാണ്. ഓരോ തീരവും രൂപപ്പെടുന്നത് നിക്ഷേപനിയമമനുസരിച്ചാണ്. അതിൽ ധാതുമണലിന് വലിയ പങ്കുണ്ട് (Sedimentation Theory). അതിനെതിരായ പ്രക്രിയയാണ് ഖനനം. അതതു പ്രദേശത്തെ സമുദ്ര ചലനങ്ങൾക്കും തീരഘടനയ്ക്കും തീരരൂപീകരണത്തിനും അനുസരിച്ചാണ് കര ഉറച്ചുവരുന്നത്. കേരളതീരത്തോട് ചേർന്നൊഴുകുന്ന മണൽപ്രവാഹം (ലിറ്റൊറൽ ഡ്രിഫ്റ്റ്) ഒരു സവിശേഷതയാണ്.
കായൽ മുഖങ്ങളും കായലുകളും നദീമുഖങ്ങളും നേരിടുന്ന ഒരു വലിയപ്രശ്നം ഉപ്പുവെള്ള ഭീഷണിയാണ് (saline intrusion). അതോടൊപ്പം വേലിയേറ്റ വെളളപ്പൊക്കങ്ങളും ആഗോളതാപനത്തെ തുടർന്ന് സമുദ്രനിരപ്പുയരുന്നതുമാണ്. മൺറോ തുരുത്ത്, ദേവികുളങ്ങര, കണ്ടല്ലൂർ, പുത്തൻവേലിക്കര, എടവനക്കാട്, വൈപ്പിനിലെ സത്താർ ഐലന്റ് എന്നിവ ഉദാഹരണങ്ങളാണ്. ശക്തമായ തീരസംരക്ഷണപ്രവർത്തനങ്ങൾ നടത്തേണ്ടുന്ന സ്ഥലത്ത് ഖനന പദ്ധതിയുമായി മുന്നോട്ട് വരുന്നത് ചെറുക്കുക തന്നെ വേണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഖനനത്തിന് അനുയോജ്യമല്ലെന്ന കാര്യം ദിനംപ്രതി വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഇത്രയേറെ ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് ഖനനം നടത്തുവാനുള്ള നീക്കം ചെറുത്തു പരാജയപ്പെടുത്തേണ്ടത് തീരവാസികളുടെ നിലനില്പിന്റെയും ജീവസന്ധാരണത്തിന്റെയും അടിയന്തര ആവശ്യകതയാണ്. കടലോരത്തിനാവശ്യം കാറ്റിനെയും തിരമാലകളെയും അതിജീവിച്ച്, വേലിയേറ്റ തിരമാലകളെയും അതിജീവിച്ച് നിലകൊള്ളുന്ന കടൽത്തീരമാണ്. അവിടെയുണ്ടാകുന്ന ഉണ്ടാക്കുന്ന എന്തുമാറ്റവും തീരത്തെയും തീരജീവിതത്തെയും തകർക്കുക തന്നെ ചെയ്യും.
