തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകുന്നു. വോട്ടർപട്ടിക പുതുക്കാനുള്ള പ്രത്യേക തീവ്രനടപടിയുടെ (എസ്ഐആർ) ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണ്. ഇതോടെ കോടതിയിലെ നിയമപോരാട്ടം അവസാനിച്ചെങ്കിലും ഇതുയർത്തിയ രാഷ്ട്രീയ വിവാദങ്ങൾ തീർന്നിട്ടില്ല. വോട്ടർപട്ടികയിനിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് പേരുകളെക്കുറിച്ച് ഈ വിധിയിൽ പറയുന്ന കാര്യങ്ങൾ, ഉയർന്നുവന്ന പ്രധാന ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകുന്നില്ല. വോട്ടർമാരെ ഒഴിവാക്കിയ നടപടിയിലെ ആശങ്കകൾ ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും മനസ്സിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. മുൻപൊരുകാലത്തും ഇല്ലാതിരുന്ന തടസ്സവാദങ്ങളും നിയമങ്ങളുമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്നിരിക്കുന്നത്.
എന്തുകൊണ്ടാണ് കമ്മീഷൻ ഇപ്പോൾ ഇത്രയധികം തടസ്സങ്ങളുമായി വരുന്നത്? വോട്ടർപട്ടിക പുതുക്കൽപോലെ അതീവ ശ്രദ്ധയും സമയവുംവേണ്ട ഒരു വലിയ പ്രക്രിയ ഇത്രയും ധൃതിപിടിച്ച് തീർക്കാൻ കമ്മീഷനെ പ്രേരിപ്പിച്ചത് എന്താണ്? വോട്ടർമാരുടെ പേരുകൾ പരിശോധിക്കുന്നത് നീട്ടിവെക്കാൻ വേണ്ടി ‘ലോജിക്കൽ ഡിസ്ക്രപൻസി’(യുക്തിസഹമല്ലാത്ത പൊരുത്തക്കേടുകൾ) എന്നൊരു പുതിയ പ്രയോഗം കമ്മീഷൻ കൊണ്ടുവരികയാണുണ്ടായത്. മുൻപൊരു കാലത്തും വോട്ടർപട്ടിക പുതുക്കലിൽ ഇത്തരം ചട്ടങ്ങൾ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഇങ്ങനെ ചെയ്യാൻ കമ്മീഷനെ പ്രേരിപ്പിച്ച ഘടകം എന്താണ്?
ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാതെയാണ് സുപ്രീംകോടതി ഈ നടപടി നിയമപരമാണെന്ന് പ്രഖ്യാപിച്ചത്. കോടതി ഈ പ്രശ്നം തീർത്തു എന്ന് തോന്നാമെങ്കിലും ജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾ മാഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ഈ വിധിന്യായം മനസ്സിലാക്കാൻ കഴിയാത്തതാണ്. കൃത്യമായ ഒരു നീതിന്യായ പ്രക്രിയയിലൂടെ ഇതിന്റെ വരുംവരായ്കകൾ പൂർണ്ണമായി പരിശോധിക്കപ്പെട്ടിട്ടില്ല എന്നാണ് പൊതുവായ വിലയിരുത്തൽ. അതിനാൽ, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ഇത്തരം ഒരു വിധി പ്രസ്താവിച്ചതിലൂടെ പരമോന്നത കോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൗരത്വ പരിശോധനയ്ക്ക് തുല്യമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി, അതിന്റെ അധികാരപരിധി ലംഘിക്കുന്നതിന് സമാനമാണെന്നാണ് പലരുടെയും അഭിപ്രായം. ആ ഒരു വശം അർഹിക്കുന്ന പ്രാധാന്യത്തോടെ കോടതി പരിശോധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുവേണം കരുതാൻ.ഭരണഘടനയുടെ 326-ാം അനുച്ഛേദം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ഇന്ത്യയിലെ പൗരനായിട്ടുള്ളവരും, പതിനെട്ട് വയസ്സ് തികഞ്ഞവരും, അന്യദേശവാസം, മാനസികനില തെറ്റുക, കുറ്റകൃത്യങ്ങൾ, അഴിമതി അല്ലെങ്കിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണഘടന പ്രകാരമോ നിയമപ്രകാരമോ അയോഗ്യരാക്കപ്പെടാത്തതുമായ ഏതൊരു വ്യക്തിക്കും വോട്ടവകാശമുണ്ടായിരിക്കുന്നതാണ്. ഈ അനുച്ഛേദം ചൂണ്ടിക്കാണിച്ചു കൊണ്ട്, പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആര്) നടത്താൻ കമ്മീഷന് പൂർണ്ണ അവകാശമുണ്ടെന്നാണ് കമ്മീഷന്റെ അഭിഭാഷകൻ വാദിച്ചത്. കമ്മീഷന് അതുചെയ്യാൻ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്? എന്നാൽ കമ്മീഷൻ വോട്ടർമാരുടെ പൗരത്വം തിട്ടപ്പെടുത്തുന്നതിലേക്കുവരെ കടന്നുചെന്ന് തങ്ങളുടെ അധികാരപരിധി ലംഘിച്ചോ എന്നതാണ് ചോദ്യം. പൊരുത്തക്കേടുകൾ എന്ന ന്യായത്തിന്റെ പേരിൽ വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ ഈ അനുച്ഛേദം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നുണ്ടോ?
ഈ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരിൽ ഒരാൾ തന്നെ ‘ലോജിക്കൽ ഡിസ്ക്രപൻസി’ എന്ന പ്രയോഗം അസ്വാസ്ഥ്യമുണ്ടാക്കുന്നതാണെന്ന് സമ്മതിക്കുകയുണ്ടായി. 326-ാം അനുച്ഛേദമാണ് ഇവിടെ അടിസ്ഥാനമാക്കുന്നതെങ്കിൽ, ഈ പറയുന്ന കാരണംകൊണ്ട് 2026ലെ വോട്ടർപട്ടികയിൽ ഇടംപിടിക്കാതെ പോയ 27 ലക്ഷത്തിലധികം വോട്ടർമാർ ഒന്നുകിൽ മാനസിക നില തെറ്റിയവരോ, അല്ലെങ്കിൽ കുറ്റവാളികളോ, അഴിമതിക്കാരോ ആണെന്ന് വ്യാഖ്യാനിക്കേണ്ടിവരും. അങ്ങനെയാണോ കാര്യങ്ങൾ? ഈ വാദം തെറ്റാണെങ്കിൽ, പിന്നെ എങ്ങനെയാണ് അവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെ ഭരണഘടനയുടെ പേരുപറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്?
വോട്ടർപട്ടിക അന്തിമമാക്കാതെയും, 27 ലക്ഷം വോട്ടർമാരുടെ പേരുകൾ പരിശോധനയ്ക്കായി മാറ്റിവെച്ചുകൊണ്ടും, തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ അധികാരമുണ്ടോ എന്നതാണ് ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം.‘അർഹതപ്പെട്ട ഒരു വോട്ടറും വോട്ടർപട്ടികയ്ക്ക് പുറത്താകില്ല’ എന്ന് ഒരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കും ഇതിനുമുമ്പ് ഇത്രയേറെ ആവർത്തിച്ച് പറയേണ്ടി വന്നിട്ടില്ല. കാരണം, ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ ചുമതലയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഭരണകക്ഷിയായ ബിജെപിയുടെ താല്പര്യപ്രകാരം നിയമിതനായ നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, ഈ വാചകം അടിക്കടി ആവർത്തിക്കുന്നുണ്ടെങ്കിലും അതിന് നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 27 ലക്ഷത്തി പതിനാറായിരം പേരുകളാണ് പട്ടികയിൽനിന്ന് പുറത്തായത്. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരോട് തങ്ങളുടെ ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്.
എന്നാൽ, പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ് തീയതികൾക്കിടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, 27 ലക്ഷത്തിൽ വെറും 1600ഓളം കേസുകൾ മാത്രമാണ് തീർപ്പാക്കാൻ സാധിച്ചത്. അതിൽത്തന്നെ, ട്രിബ്യൂണൽ പരിശോധിച്ച് തീർപ്പാക്കിയ ഭൂരിഭാഗം പേരുകളും വോട്ടുചെയ്യാൻ അർഹതയുള്ള സാധുവായ വോട്ടർമാരാണെന്ന് കണ്ടെത്തുകയുംചെയ്തു. കേസുകൾ തീർപ്പാക്കുന്ന ഈ മന്ദഗതി വെച്ചുനോക്കിയാൽ, ബാക്കിയുള്ള മുഴുവൻ അപ്പീലുകളും തീർപ്പാക്കാൻ എത്രനാൾ വേണ്ടിവരും? വിരൽചൂണ്ടപ്പെട്ട അപാകതകളിൽ 90-95 ശതമാനവും ശരിയാണെന്ന് വ്യക്തമാകുമ്പോൾ, ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ പുറന്തള്ളിയ ഈ നടപടിയെ എങ്ങനെയാണ് നിയമപരമെന്ന് വിശേഷിപ്പിക്കാൻ കഴിയുക? തന്നെയുമല്ല, ഈ സാഹചര്യത്തിൽ 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങളുടെ യഥാർത്ഥ ജനവിധിയായി എങ്ങനെ കണക്കാക്കാൻ കഴിയും? പരമോന്നത കോടതിയുടെ വിധിയിൽ ഈ കാതലായ പ്രതിസന്ധിക്ക് യാതൊരുവിധ ഉത്തരവുമില്ല. ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തികച്ചും ഏകപക്ഷീയമായും സ്വേച്ഛാധിപത്യപരമായും മറികടന്നതിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് കൃത്യമായ യാതൊരു പരാമർശങ്ങളും ഉണ്ടായിട്ടില്ല.
തന്നെയുമല്ല, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ, അവരുടെ പൗരത്വം നിർണ്ണയിക്കുന്നതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അതോറിറ്റിക്ക് 4 ആഴ്ചക്കകം കൈമാറണമെന്ന് പരമോന്നത കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട ഈ വ്യക്തികളുടെ പൗരത്വം, ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിന്റെയും (എഫ്ആർഒ) ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെയും (എഫ്ആർആർഒ) പരിധിയിൽ വെച്ചായിരിക്കും തീർപ്പാക്കപ്പെടുക എന്നാണ് ഇത് വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ പുറന്തള്ളിയ ഈ നടപടി, മറ്റൊന്നുമല്ലെന്നും, മറിച്ച് ഭരണഘടനാപരമായ വ്യവസ്ഥകളെയും നിയമനടപടികളെയും അട്ടിമറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽ നിർത്തി പിൻവാതിലിലൂടെ ഒളിച്ചുകടത്തുന്ന ഒരു ‘ദേശീയ പൗരത്വ രജിസ്റ്റർ’ (എൻആർസി) നിർമ്മാണം മാത്രമാണെന്നുമുള്ള ആശങ്ക ഇത് പൂർണ്ണമായും ശരിവെക്കുന്നു.അതുകൊണ്ടുതന്നെ, കോടതിവിധി എന്തുതന്നെയായാലും, വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ട മുഴുവൻ വോട്ടർമാരെയും ട്രിബ്യൂണൽ വഴി അടിയന്തരമായി വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ശക്തമായ ആവശ്യം എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) മുന്നോട്ടുവെച്ചിട്ടുണ്ട്. കാരണം, വെറും നിയമസാങ്കേതികതകൾ കാണിച്ച് ജനങ്ങളുടെ വോട്ടവകാശത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ ഒരു വമ്പിച്ച ജനകീയ ഒപ്പുശേഖരണ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന ഒപ്പുകൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും അയച്ചുനൽകും. ട്രിബ്യൂണലിന്റെ മുന്നിലുള്ള പരാതികൾ എത്രയും വേഗം തീർപ്പാക്കണമെന്നും പൗരന്മാരുടെ ഭരണഘടനാപരമായ വോട്ടവകാശം ഉറപ്പുവരുത്തണമെന്നും നിവേദനം ആവശ്യപ്പെടുന്നു.
