കേരളത്തിലെ പൊതുജനാരോഗ്യ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ അതീവ ഗുരുതരമായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന രോഗാതുരതയും ഏറിവരുന്ന ചികിത്സാച്ചെലവുകളും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരെ നിസ്സഹായതയിലേയ്ക്ക് തള്ളിവിടുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോക്ടർ ഹാരിസ് ചിറക്കൽ, നിർവ്വാഹമില്ലാതെ പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രതിസന്ധികൾ വിളിച്ചു പറയുകയുണ്ടായി. വി.ഡി.സതീശൻ, അന്ന്, ഡോക്ടർ ഹാരിസ് ചിറക്കലിനെ പിന്തുണച്ചുകൊണ്ട് പറഞ്ഞത്, “രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനാവണം സർക്കാരിന്റെ മുൻഗണന. മരുന്നു സപ്ലൈ ചെയ്തവർക്ക് 1100 കോടി രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ട്. പിന്നെങ്ങനെ മരുന്നുകള്‍ സപ്ലൈ ചെയ്യും. മരുന്ന് സപ്ലൈ ചെയ്യുന്ന കമ്പനികളൊന്നും മരുന്ന് കൊടുക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നില്ല. പഞ്ഞിയും നൂലുംപോലും കൊടുക്കുന്നില്ല. ഇപ്പോള്‍ ശസ്ത്രക്രിയ ക്കാവശ്യമായ സൂചിയും നൂലുമെല്ലാം വാങ്ങി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്.” എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി ആയതിനുശേഷം ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുതകുന്ന പ്രഖ്യാപനങ്ങളല്ല, മറിച്ച് ആരോഗ്യരംഗത്തെ അടിമുടി സ്വകാര്യവൽക്കരിക്കുവാനുള്ള നടപടികളാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തുള്ള എല്ലാ കുടുംബങ്ങൾക്കും വാർഷിക മെഡിക്കൽ കവറേജ് 25 ലക്ഷംരൂപവരെ നൽകുന്ന സാർവ്വത്രിക ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്യുറൻസ് പദ്ധതി’യാണ് കേരള സർക്കാർ 2026-27 ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിലവിലുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, കെഎഎസ്പി സാമ്പത്തികമായി ദുർബലരായ കുടുംബങ്ങളെമാത്രം പരിഗണിക്കുമ്പോൾ എല്ലാ കുടുംബങ്ങളും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽവരുമെന്നതാണത്രേ വ്യത്യാസം. എൻആർഎച്ച്എംന്റെ ഭാഗമായി അടിച്ചേൽപ്പിക്കപ്പെട്ട ഇൻഷുറൻസ് സമ്പ്രദായം കൂടുതൽ ശക്തമായി നടപ്പാക്കുവാനുള്ള നീക്കമല്ലാതെ ജനങ്ങൾക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന പദ്ധതിയല്ലിത്. ഇൻഷുറൻസ് പരിരക്ഷയുള്ള ആളുകൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയും സർക്കാർ ആശുപത്രികൾ കൂടുതൽ ദുർബലമാകുകയും ചെയ്യും. ഇപ്പോൾ ചെറിയ പ്രീമിയം തുക അടച്ചാൽ ഇൻഷുറൻസ് ലഭിക്കുമെന്നാണ് വാഗ്ദാനമെങ്കിലും വരുംനാളുകളിൽ അത് ഭീമമായി വർദ്ധിക്കും. അമേരിക്കയിൽ ഒരാളുടെ ശരാശരി വാർഷിക വരുമാനത്തിന്റെ 40 ശതമാനം ആരോഗ്യ ഇൻഷുറൻസിനുവേണ്ടി ചെലവഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. അമേരിക്കൻ മോഡൽ ഇൻഷുറൻസാണ് എൻആർഎച്ച്എംന്റെ ഭാഗമായി കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.
ആരോഗ്യ ഇൻഷുറൻസ് എന്ന ചതിക്കുഴി
സൗജന്യ പദ്ധതിയെന്നാണ് ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള പ്രചാരണം. എന്നാൽ വാസ്തവമെന്താണ് ? കേരളത്തിലെ പൊതുജനാരോഗ്യരംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഇൻഷുറൻസ് ആണോ പരിഹാരം? ജനങ്ങളുടെ ആരോഗ്യാവശ്യകതകൾ നിർവ്വഹിക്കാൻ അടിയന്തരമായി ചെയ്യേണ്ടത് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരുൾപ്പെടെയുള്ള സ്റ്റാഫിനെയും നിയമിക്കുകയും ജീവൻരക്ഷാ ഔഷധങ്ങൾ ഗുണമേന്മയോടെ ഉറപ്പാക്കുകയുമാണ്; ശസ്ത്രക്രിയയും എല്ലാത്തരം പരിശോധനകളും സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാകാൻ നടപടി സ്വീകരിക്കുകയെന്നതാണ്. കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായത്, സ്വകാര്യആശുപത്രികളുടെ എണ്ണത്തെയും മികവിനെയും മുൻനിർത്തിയോ ഇൻഷുറൻസ് പദ്ധതികളെ മുൻനിർത്തിയോ അല്ല. മറിച്ച് സൗജന്യവും ഗുണമേന്മയുള്ളതുമായ ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യബോധവത്ക്കരണവും സർക്കാരിന്റെ മുൻകൈയിൽ ലഭ്യമാക്കിയ പൊതുജനാരോഗ്യസംവിധാനത്തിന്റെ ബലത്തിലാണ്.
തീർത്തും നിരുപദ്രവമായ ഒരു നടപടിയോ പ്രഖ്യാപനമോ അല്ല ആരോഗ്യ ഇൻഷുറൻസ്. പൊതുജനാരോഗ്യരംഗം ഘടനാപരമായി അഴിച്ചുപണിയുകയും കമ്പോളതാത്പര്യത്തിന് പൂർണ്ണമായും വിട്ടുകൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ലോകബാങ്കിന്റെ സാമ്പത്തിക പിൻബലത്തിൽ ആരംഭിച്ച എൻആർഎച്ച്എംന്റെ ചുവടുപിടിച്ചാണ് ആരോഗ്യരംഗത്ത് ഇൻഷുറൻസ് പദ്ധതികൾ കടന്നുവന്നത്. ആരോഗ്യമേഖലക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കേണ്ടുന്ന തുകയുടെ ഗണ്യമായൊരു പങ്ക് വര്‍ഷംതോറും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കലെത്തുകയാണ് ഇതിലൂടെ. സര്‍ക്കാര്‍ ഫണ്ടുനല്‍കി, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികില്‍സ ഉറപ്പാക്കേണ്ടതിനു പകരം സര്‍ക്കാരാശുപത്രിയിലെ ചികില്‍സയ്ക്ക് ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി വഴി സര്‍ക്കാര്‍ ഫണ്ട് എത്തിക്കുന്ന വിചിത്രമായ പദ്ധതിയാണിത്.
പൗരന് ചികില്‍സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ല, ആരോഗ്യം അവനവന്റെമാത്രം ചുമതലയാണ് എന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ് രോഗമെന്ന ദുരിതാവസ്ഥയെ വിപണിയാക്കുന്ന ശക്തികള്‍ രംഗപ്രവേശം ചെയ്തത്. ആരോഗ്യ ഇൻഷുറന്‍സ് അത്തരമൊരു ബിസിനസ് രംഗമാണ്. പൊതു സ്വകാര്യ പങ്കാളിത്തം എൻആർഎച്ച്എംന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഭാവിയില്‍ പിടിപെട്ടേക്കാവുന്ന രോഗത്തെക്കുറിച്ചുള്ള ഭയം, അതിനുവേണ്ടിവരുന്ന ഭീമമായ ചികില്‍സാ ചിലവിനെ സംബന്ധിച്ച ഭീതി തുടങ്ങിയവമൂലം ആശങ്കയിലാകുന്ന ജനങ്ങള്‍ ആരോഗ്യ ഇൻഷുറന്‍സില്‍ അഭയം പ്രാപിക്കാൻ നിർബന്ധിതരാകുന്നു.
ലോകബാങ്ക് നിർണയിച്ചിട്ടുള്ള നിശ്ചിതമായ ഒരു പദ്ധതിയിലൂടെ പൊതുജനാരോഗ്യമേഖലയെ സർവ്വതലത്തിലും മത്സരാധിഷ്ഠിതമായ സ്വകാര്യരംഗമായി മാറ്റിത്തീർക്കുകയാണ് എൻആർഎച്ച്എംന്റെ ലക്ഷ്യം. ഫലപ്രദമായ ഒരു ഹെൽത്ത് ഇൻഷുറൻസ് വ്യവസ്ഥ ആവിഷ്ക്കരിക്കുകയെന്നത് എൻആർഎച്ച്എംന്റെ ലക്ഷ്യമാണെന്ന് ‘എൻആർഎച്ച്എം ഫ്രെയിംവർക്ക് ഫോർ ഇംപ്ലിമെന്റേഷൻ’ 2005-2012 വകുപ്പ് 39ൽ പറയുന്നു. ‘1996ൽ ഇറങ്ങിയ ഫ്രം പ്ലാൻ ടു മാർക്കറ്റ്’ എന്ന ലോകബാങ്കിന്റെ വികസനരേഖയാണ് അടിത്തറ. നൂതനമായ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്ക്കരിക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും ഫ്രെയിം വർക്ക്(വകുപ്പ് 40) പറയുന്നു. സ്വകാര്യമേഖലയിലെ ചികിത്സാ സൗകര്യങ്ങൾ പരിശോധിച്ച് യോഗ്യത പ്രഖ്യാപിക്കുക(accreditation), ചികിത്സാ പ്രോട്ടോക്കോളിനും ചെലവിനും മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുക, ആരോഗ്യ, ചികിത്സാ സൗകര്യങ്ങൾ ഏതൊക്കെയെന്നു നിശ്ചയിക്കുക തുടങ്ങിയകാര്യങ്ങളും ഫ്രെയിംവർക്ക് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. മാത്രവുമല്ല, സാർവ്വത്രികമായ ഒരു സാമൂഹ്യ ആരോഗ്യ ഇൻഷ്യുറൻസ് സംവിധാനത്താൽ പൂർണമായി ഫണ്ടുചെയ്യപ്പെടുന്ന ഒന്നായി ആശുപത്രിയിലുള്ള ചികിത്സ മാറിത്തീരണമെന്നാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമായി ഫ്രെയിംവർക്കിൽ 42-ാം വകുപ്പ് പറയുന്നു. ചുരുക്കത്തിൽ സുസജ്ജമായ ഒരു ഹെൽത്ത് ഇൻഷുറൻസ് സംവിധാനം രൂപപ്പെടുത്തിയെടു ക്കുകയെന്നതാണ് എൻആർഎച്ച്എംന്റെ പ്രധാനപ്പെട്ട ഉന്നം.
2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് എൻആർഎച്ച്എം ആരംഭിച്ചത്. 2008ൽ ആരംഭിച്ച ‘രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന’ അല്ലെങ്കില്‍ ആര്‍എസ്ബിവൈ ആണ് എന്‍ആര്‍എച്ച്എംന്റെ ഭാഗമായി ആദ്യം ആവിഷ്കരിച്ച ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയമാണ് ആര്‍എസ്ബിവൈ ആരംഭിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇൻഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാൻ എന്നുപറഞ്ഞാണ് ഇത് രൂപവൽക്കരിച്ചത്. 2018ൽ, 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലൊന്നെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നുമൊക്കെയുള്ള ഘോഷവുമായി പിഎംജെഎവൈ പ്രഖ്യാപിക്ക പ്പെട്ടു. ‘ആയുഷ്മാൻ ഭാരത് യോജന’ അഥവാ ‘പ്രധാനമന്ത്രി ജന ആരോഗ്യ യോജന’, രാജ്യത്തെവിടെയും എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഉപയോഗിക്കാമെന്നും മോഹിപ്പിച്ചു.
അച്യുതാനന്ദൻ സർക്കാരിന്റെ സംഭാവന
2007ൽ അച്യുതാനന്ദൻ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എൻആർഎച്ച്എം) എന്ന ലോകബാങ്ക് പദ്ധതി ‘ആരോഗ്യകേരളം’ എന്ന പേരിൽ കേരളത്തിൽ നടപ്പിലാക്കുന്നത്. ആരോഗ്യകേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇൻഷുറൻസ് കടന്നുവരുന്നത്. കേരളത്തിൽ തൊഴിൽവകുപ്പും തൊഴിൽവകുപ്പിന്റെ കീഴിൽ രൂപീകരിച്ച ‘ചിയാക്കു’മാണ് ആരോഗ്യ ഇൻഷുറൻസ് ആദ്യം കൈകാര്യം ചെയ്തിരുന്നത്. കേരളത്തിൽ, സർക്കാർ നടപ്പിലാക്കിയ ചിസ്, ചിസ് പ്ലസ്, എസ് ചിസ്, കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ആർഎസ്ബിവൈ ഇവയ്ക്ക് പകരമായാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയായി രംഗപ്രവേശം ചെയ്തത്. എല്ലാ ആരോഗ്യപദ്ധതികളും ഒരു കുടക്കീഴിൽ എന്നതായിരുന്നു കാസ്പിന്റെ ആശയം. യുഡിഎഫിന്റെ ഭരണകാലത്താണ് കാരുണ്യ വന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ‘ആവാസ്,’ സർക്കാർ ജീവനക്കാർക്ക് ‘മെഡിസെപ്പ്,’ കൂടാതെ ഇന്‍ഷുറന്‍സ് ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കാന്‍ വേറെയും പദ്ധതികള്‍.
ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളും കാര്യമായ മുതല്‍ മുടക്കില്ലാതെ തന്നെയാണ് ഈ വമ്പൻ നേട്ടങ്ങൾ. ഇൻഷുറൻസിന്റെ പരിധിയിൽവരുന്ന ആശുപത്രികൾ, രോഗങ്ങൾ എല്ലാം മുൻകൂട്ടി നിർണയിക്കപ്പെടുന്നു. ഇൻഷുറൻസ് തുക കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ പിശുക്കുകാണിക്കുന്നതുകൊണ്ട് മതിയായ ചികിത്സ രോഗികൾക്ക് ലഭിക്കാതെവരുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. ഇന്ന് ഇൻഷുറൻസുമില്ല, സർക്കാരാശുപത്രിയിൽ ചികിത്സയുമില്ല എന്നതാണ് യാഥാർത്ഥ്യം.
ഏതാണ്ട് രണ്ടുപതിറ്റാണ്ടായി കേരളത്തിന്റെ ആരോഗ്യരംഗം അടക്കിവാഴുന്ന ഇൻഷുറൻസ് പദ്ധതിയുടെ കേവലമായ തുടർച്ചമാത്രമാണ് വി.ഡി.സതീശന്റെയും ഇൻഷുറൻസ് പദ്ധതി. അല്ലാതെ ചികിത്സയുടെ ഭാരത്തിൽനിന്നും ജനങ്ങളെ മോചിപ്പിക്കുകയോ പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്തുകയോ അല്ല. ഭരണം മാറും, നയങ്ങൾ തുടരും എന്നത് ഒരിക്കൽക്കൂടെ അർത്ഥശങ്കക്കിടയില്ലാത്തവിധം തെളിയിക്കപ്പെടുകയാണ് ഇതിലൂടെ.
മരുന്നു സംഭരണവും എൻആർഎച്ച്എമ്മും
മരുന്നു സംഭരണം തകരാറിലായതും ഇതിന്റെ ഭാഗമായിത്തന്നെ. മരുന്ന് വാങ്ങുന്ന സമ്പ്രദായം അടിമുടി പരിഷ്ക്കരിക്കപ്പെട്ടു. സെൻട്രൽ പർച്ചേസിംഗ് സംവിധാനത്തിലുടെ സംസ്ഥാന സർക്കാർ, ആശുപത്രികൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങി നൽകിയിരുന്നത് തത്വത്തിൽ അവസാനിച്ചു. “കേന്ദ്ര സർക്കാർ തലത്തിൽ ലോകബാങ്കിന്റെയും ഡിഎഫ്ഐഡിയുടെയും പിന്തുണയോടുകൂടി ഒരു എംപവേർഡ് പ്രോക്യൂർമെന്റ് വിംഗ് (ഇപിഡബ്ല്യു) രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മരുന്നുസംഭരണ വിഷയങ്ങളിലെല്ലാം ഇപിഡബ്ല്യു ആയിരിക്കും നോഡൽ ഏജൻസി. സംസ്ഥാനങ്ങൾക്കുവേണ്ട കഴിവുകൾ സൃഷ്ടിക്കപ്പെടുംവരെ മരുന്നുകൾക്കും മറ്റുമുള്ള കോൺട്രാക്ട് റേറ്റ് ഇപിഡബ്ല്യു സമാഹരിച്ചെടുക്കുകയും സംസ്ഥാനങ്ങൾക്ക് ഉപയോഗത്തിനായി അത് പങ്കുവെക്കുകയുംചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ വികേന്ദ്രീകൃത രീതിയിൽ ജില്ലാതലത്തിൽ സംഭരണം നടക്കണമെന്നാണ് എൻആർഎച്ച്എം ഉദ്ദേശിക്കുന്നത്. ഇതിനായി കപ്പാസിറ്റി ബിൽഡിംഗ് പരിശ്രമങ്ങൾ എൻആർഎച്ച്എം നടത്തും. മെച്ചപ്പെട്ട സമാഹരണത്തിനും വിതരണത്തിനുമായി സംസ്ഥാന പ്രൊക്യൂർമെന്റ് സിസ്റ്റവും വിതരണ ശൃംഖലകളും സ്ഥാപിച്ചെടുക്കാനും കപ്പാസിറ്റി വർദ്ധിപ്പിക്കാനുമുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങളെ എൻആർഎച്ച്എം പിന്തുണക്കും”, ഫ്രെയിംവർക്കിലെ വകുപ്പ്26 വ്യക്തമാക്കുന്നു.
ലോകബാങ്ക് തിട്ടൂരപ്രകാരം മരുന്ന് വാങ്ങുന്നതിന് കേരളാ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) എന്ന കമ്പനി രൂപീകരിക്കപ്പെട്ടത് ഇടതുമുന്നണിയുടെ ഭരണകാലത്തുതന്നെയാണ്. ജില്ലാ മെഡിക്കൽ സ്റ്റോറുകൾ അടച്ചുപൂട്ടപ്പെട്ടു, ഡ്രഗ് വെയർഹൗസുകൾ അപ്രത്യക്ഷമായി. പ്രധാനപ്പെട്ട ഒരു സേവന മേഖലയിൽ ലാഭാധിഷ്ഠിതമായ കമ്പനി സമ്പ്രദായം അങ്ങനെ എൻആർഎച്ച്എംലൂടെ അടിച്ചേൽപ്പിക്കപ്പെട്ടു. ആശുപത്രികളിൽ മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങുവാൻ നിർബന്ധിതമാകുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികളുടെവരെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതും എൻആർഎച്ച്എംന്റെ നിബന്ധനപ്രകാരംതന്നെ. സർക്കാരിന്റെ സമർത്ഥമായ കൈയൊഴിയലാണ് അതിലൂടെ നടന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാകട്ടെ, വികസന സമിതികൾ രൂപീകരിച്ച് രോഗികളിൽനിന്നും എല്ലാത്തരം പരിശോധനകൾക്കും ചികിത്സയ്ക്കും പണം ഈടാക്കുന്നു.
അമേരിക്കയുടെ അനുഭവം
കുത്തകകളുടെ പറുദീസയായ അമേരിക്കയിലെ അനുഭവം എല്ലാവർക്കും പാഠമാണ്. ഇൻഷുറൻസ് ചെലവ് എല്ലാ വർഷവും വർദ്ധിക്കുന്നതും പ്രീമിയം കൂട്ടിയിട്ടും കവറേജ് കുറക്കുന്നതും ക്ലെയിം നിരസിക്കുന്നതും പ്രീ ഓതറൈസേഷൻ എന്ന പേരിൽ ചികിത്സ വൈകിപ്പിക്കുന്നതും
സുതാര്യതയില്ലായ്മയും സ്വകാര്യവത്ക്കരണവുമെല്ലാം ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. ലക്ഷക്കണക്കിന് ആളുകളാണ് ക്ലെയിം നിരസിക്കപ്പെട്ട കഥകൾ പങ്കുവെച്ചുകൊണ്ട് രംഗത്തുവന്നത്.
കാൻസർ ചികിത്സപോലും അനാവശ്യം എന്ന് പറഞ്ഞ് നിരസിക്കപ്പെടുന്നതിന്റെ നിരവധി വാര്‍ത്തകൾ പുറത്തുവന്നു. നിരവധി നഗരങ്ങളിൽ യുണൈറ്റഡ് ഹെൽത്ത് കെയർ, ആന്തെം, അയേറ്റ്ന തുടങ്ങിയ ഇൻഷുറൻസ് ഓഫീസുകൾക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചും പ്ലക്കാർഡുകളുമായും ജനങ്ങൾ പ്രതിഷേധിച്ചു. ഡോക്ടർമാരും നഴ്സുമാരുംപോലും പ്രതിഷേധത്തിൽ അണിനിരന്നു. ഇൻഷുറൻസിന്റെ പേപ്പർ വർക്കുകൾ മൂലം രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാനോ സമയം നൽകാനോ സാധിക്കുന്നില്ല എന്നതായിരുന്നു അവരുടെ അഭിപ്രായം. പേഷ്യന്റ് സ് ഓവർ പ്രോഫിറ്റ് എന്ന ക്യാമ്പയിന് ഡോക്ടർമാർ തുടക്കം കുറിച്ചു.
എല്ലാവർക്കും ഇൻഷുറൻസ് നിർബന്ധമാക്കിയ ഒബാമ കെയറിനെതിരെയും ജനങ്ങൾ തെരുവിലിറങ്ങി. കഴിഞ്ഞ 10 വർഷത്തിൽ അമേരിക്കയിൽ കുടുംബ പ്രീമിയം 47% വർദ്ധിച്ചു. 1 ലക്ഷം അമേരിക്കക്കാർക്ക് $250 ബില്യൺ മെഡിക്കൽ കടം റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾക്ക് ശമ്പളത്തിന്റെ വലിയൊരു പങ്കും ഇൻഷുറൻസിനായി മാറ്റി വെക്കേണ്ടി വരുന്നു. ചെറുകിട ബിസിനസുകാർക്ക് അവരുടെ ജീവനക്കാർക്ക് ഇൻഷുറൻസ് കൊടുക്കാൻ പറ്റുന്നില്ല അങ്ങനെ സമസ്ത രംഗങ്ങളിലും അത് പ്രതിസന്ധി സൃഷ്ടിച്ചു. ലാഭത്തിനുവേണ്ടി ആളുകൾക്ക് ചികിത്സ നിഷേധിക്കുന്നു എന്ന സ്ഥിതി വന്നു. യുണൈറ്റഡ് ഹെൽത്ത് കെയർ സി ഇ ഒ ബ്രയാൻ തോംപ്സൺ വെടിയേറ്റ് കൊല്ലപ്പെടുവോളം ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. തുടർന്നും ശക്തമായ പ്രതിഷേധങ്ങളാണ് ഇൻഷുറൻസിനെതിരെ അമേരിക്കയിൽ നടക്കുന്നത്.
ഫ്രാൻസ്, ബ്രസീൽ, ചിലി, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലും ആരോഗ്യ ഇൻഷുറൻസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് സേവനമല്ല കച്ചവടമാണെന്ന് ഈ രാജ്യങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധം തീർക്കുന്നില്ലെങ്കിൽ കേരളത്തിന്റെ അനുഭവവും മറിച്ചാവില്ല.
അടിയന്തര കടമകൾ
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായി. കേരളത്തിന്റെ ആരോഗ്യരംഗത്ത് അടിയന്തരമായി വേണ്ടത് പുതിയ കെട്ടിടങ്ങളല്ല. നിലവിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും താലൂക്ക്, ജില്ലാ ആശുപത്രികളെയും മെഡിക്കൽ കോളജുകളെയും ആധുനികചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി ശക്തിപ്പെടുത്തുകയാണ്. സ്റ്റാഫ് പാറ്റേൺ പുതുക്കി ആവശ്യത്തിന് ജീവനക്കാരെ പിഎച്ച്സിമുതൽ മെഡിക്കൽ കോളജുവരെ നിയമിക്കുകയും സിടി സ്കാൻ, എംആർഐ സ്കാൻ, കാത്ത് ലാബ്, മികച്ച ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ ആധുനികവും അത്യാവശ്യവുമായ എല്ലാ ചികിത്സാ സംവിധാനങ്ങളും താലൂക്ക് തലങ്ങളിൽത്തന്നെ ഉറപ്പാക്കുകയുമാണ്. സംസ്ഥാനത്ത് ഇപ്പോൾത്തന്നെ പതിനാല് സർക്കാർ മെഡിക്കൽ കോളജുകളും ഇരുപത്തിരണ്ട് സ്വകാര്യ മെഡിക്കൽ കോളജുകളും ഉൾപ്പെടെ മുപ്പത്തിയാറ് മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ളവപോലും ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലാതെ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് പഠനസൗകര്യമൊരുക്കുന്നില്ല. എൻഎംസിയുടെ പരിശോധനവരുമ്പോൾ അധ്യാപകരെ സംസ്ഥാനം മുഴുവൻ ഓടിച്ചുകൊണ്ടേയിരിക്കുന്ന വിനോദം തുടരുകയുമാണ്. സ്ഥിരനിയമനങ്ങൾ ഏതാണ്ട് അസ്തമിച്ചമട്ടാണ്, ഉള്ളവയാകട്ടെ കരാർ അടിസ്ഥാനത്തിലും. 1965ലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യരംഗത്ത് ഇപ്പോഴുമുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾവരെയുള്ള സംവിധാനങ്ങൾ പരാധീനതകളാൽ വീർപ്പുമുട്ടുകയാണ് എന്നതിനാൽ പിഎച്ച്സിയിൽ നൽകാവുന്ന ചികിത്സക്കുപോലും ജനങ്ങൾക്ക് മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ടിവരുന്നു. അടിയന്തരമായി പരിഹരിക്കേണ്ടത് ഇതാണ്.
സർക്കാർ മെഡിക്കൽ കോളേജുകളിൽ, രോഗികൾ തറയിൽ കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ പുതിയ കെട്ടിടങ്ങൾ, സിഎസ്ആർ ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട്) ഉപയോഗപ്പെടുത്തി നിർമ്മിക്കുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ പറയുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതുതന്നെയാണ് ഈ നീക്കവും. എല്ലാ സർക്കാർ ആശുപത്രികളിലും ഇപ്പോൾത്തന്നെ കൊണ്ടുപിടിച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിൽ പലതും വായ്പയെടുത്ത പണം ഉപയോഗിച്ച് നടത്തപ്പെടുന്നതാണ്. അതിന്റെ സാമ്പത്തികഭാരവും ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനം നിലനിൽക്കേണ്ടത് തൊഴിലാളികൾ അടക്കമുള്ള സാധാരണ ജനങ്ങളുടെ ആവശ്യമാണ്. കേരളത്തിലെ ചെറുപട്ടണങ്ങളിൽപോലും പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ കഴുത്തറപ്പൻ ചാർജ്ജാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും ദുർബലമാകുമ്പോൾ സ്വകാര്യ ആശുപത്രികൾ അവയുടെ ദയാരഹിതമായ ആരോഗ്യക്കച്ചവടം കൂടുതൽ ശക്തമാക്കും. എൽഡിഎഫ് സർക്കാർ പൊതുജനാരോഗ്യ മേഖലയെ കൈയൊഴിയുന്ന സമീപനം സ്വീകരിച്ചതാണ്, അവരെ ജനങ്ങൾ അധികാരത്തിൽനിന്നും പുറത്താക്കാനുള്ള ഒരു കാരണം. ജനഹിതം മനസ്സിലാക്കി പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്ന അടിയന്തര നടപടികളാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
